ബിനോയ് മകനോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പുറത്തു വിട്ട് പരാതിക്കാരി; കേസ് മുറുകുന്നു

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് കൂടുതല്‍ കുരുക്കിലേക്ക്. കേസ് കെട്ടിച്ചമച്ചതാണെന്ന ബിനോയിയുടെ വാദം തകര്‍ത്ത് ബിനോയ് മകനോടൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പുറത്ത് വിട്ട് പരാതിക്കാരിയായ യുവതി.തന്റെ ഫേസ്ബുക്കിലൂടെയാണ് യുവതി ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

തന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ നിമിഷങ്ങള്‍ എന്ന തലക്കെട്ടോടെയാണ് യുവതി ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. യുവതി പങ്കുവച്ച ചിത്രത്തിനോടൊപ്പം 2019 ലെ പിറന്നാളാഘോഷത്തിന്റേതാണെന്നും ചേര്‍ത്തിട്ടുണ്ട്. ബിനോയിക്കൊപ്പം യുവതി മുംബയ് അന്തേരി വെസ്റ്റില്‍ താമസിച്ചിരുന്നപ്പോഴുള്ള ചിത്രമാണത്. ഈ ചിത്രം കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്.

കേസ് കെട്ടിച്ചമച്ചതാണെന്നും യുവതി തന്നെ ബ്ലാക്‌മെയില്‍ ചെയ്യുകയാണ് എന്നുമാണ് ബിനോയ് നേരത്തെ പറഞ്ഞിരുന്നത്. ഈ വാദം ഉന്നയിച്ചാണ് ബോംബെ ഹൈക്കോടതിയെ ബിനോയ് സമീപിച്ചതും. എന്നാല്‍ ഇപ്പോള്‍ ബിനോയിക്കെതിരെ യുവതി ശബ്ദരേഖയും പുറത്തുവിട്ടു. അതില്‍ ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാമെന്നും തന്റെ പേര് പറയരുതെന്നും ബിനോയ് ആവശ്യപ്പെടുന്നു. എന്നാല്‍, അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. പുതിയ ചിത്രവും ബിനോയ് കോടിയേരിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതേസമയം യുവതി നല്‍കിയ ലൈംഗിക ചൂഷണക്കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Top