നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശം: ബിനില്‍ സോമ സുന്ദരം റിമാന്‍ഡില്‍

കൊച്ചി:മംഗലാപുരത്ത് നിന്ന് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന നവജാത ശിശുവിനെതിരെ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിനില്‍ സോമസുന്ദരം റിമാന്‍ഡില്‍. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍ എന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രീയക്കായി മംഗലാപുരത്ത് നിന്ന് എറണാകുളം അമൃതാ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ കേരളമാകെ ഒറ്റക്കെട്ടായി ആ കുരുന്നിനു വേണ്ടി കൈകോര്‍ത്തതിനെയാണ് ബിനില്‍ സോമസുന്ദരം വര്‍ഗീയമായി അധിക്ഷേപിച്ചത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ എന്നായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ നെടുംകണ്ടത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നാണ് പ്രതി മൊഴി നല്‍കിയത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് പ്രതി തന്നെയാണെന്ന് കണ്ടത്തുകയായിരുന്നു.

Top