കോടിയേരിയുടെ മകനായതിനാല്‍ വേട്ടയാടപ്പെടുന്നുവെന്ന് ബിനീഷ്

ബെംഗളുരു: കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടിയേരി. കര്‍ണാടക ഹൈക്കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ബീനീഷിന്റെ പരാമര്‍ശം. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് കോടിയേരി കോടതിയില്‍ ആരോപിച്ചു.

തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു. ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് ബിനീഷിന്റെ ആരോപണം.

ഡ്രൈവറായ അനിക്കുട്ടനും സുഹൃത്തായ അരുണും തമ്മില്‍ വ്യാപാര ഇടപാട് നടത്തിയിട്ടില്ല. അനികുട്ടന്‍ തനിക്കുവേണ്ടി നിക്ഷേപിച്ചത് ഏഴുലക്ഷം മാത്രമാണ്. അതല്ലാതെ അനികുട്ടന്‍ നടത്തിയ മറ്റ് ഇടപാടുകളൊന്നും തന്റെ അറിവോടെ അല്ലായിരുന്നു എന്നും ബീനീഷ് പറഞ്ഞു. കേസ് അടുത്ത ഒക്ടോബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

Top