‘അനില്‍ സര്‍ ഇഷ്ടപ്പെട്ട സംവിധായകന്‍, എവിടെ കണ്ടാലും ചിരിക്കും’; ബിനീഷിന്റെ പഴയ വീഡിയോ

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നിരവധി ആളുകളാണ് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പോലും വളരെ മോശമായ രീതിയിലാണ് അനിലിന്റെ ചെയ്തികളെ കുറിച്ച് പ്രതികരണങ്ങള്‍ വരുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് മുഖ്യാതിഥി ആയി എത്തിയതായിരുന്നു ബിനീഷ് ബാസ്റ്റിന്‍. എന്നാല്‍ മറ്റൊരു അതിഥി ആയി എത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ നടനെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്ന് നടന്‍ സ്റ്റേജില്‍ കയറി ഇരുന്ന് പ്രതിഷേധിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അനില്‍ രാധാകൃഷ്ണ മേനോനോട് ചലച്ചിത്ര സംഘടനയായ ഫെഫ്കയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.

ഈ വിഷയത്തെ ചൊല്ലി വിവാദങ്ങള്‍ പുകയുമ്പോള്‍ അനില്‍ രാധാകൃഷ്ണ മേനോനെ പുകഴ്ത്തി ബിനീഷ് പോസ്റ്റ് ചെയ്തിരുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് അനില്‍ സാറെന്നും, എവിടെ വച്ച് കണ്ടാലും അദ്ദേഹം സംസാരിക്കാറുണ്ടെന്നും വീഡിയോയില്‍ ബിനീഷ് പറയുന്നുണ്ട്.

ബിനീഷിന്റെ വാക്കുകള്‍ ഇങ്ങനെ;

‘അനിലേട്ടനെ കുറിച്ച് ഇരുത്തികൊണ്ട് പുകഴ്ത്തി പറയുകയാണെന്ന് വിചാരിക്കരുത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് അനില്‍ സാര്‍. കാരണം ഞാന്‍ ഒരുപാട് ഡയറക്ടര്‍മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. വലിയ വലിയ നടന്മാരുടെ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ എന്നെ കാണുമ്പോള്‍ ഡയറക്ടര്‍മാരൊന്നും സംസാരിക്കാറില്ല. ഞാന്‍ സാറിന്റെ പടത്തില്‍ ചെറിയൊരു വേഷമേ ചെയ്തിട്ടുള്ളൂ. പക്ഷേ എവിടെ വച്ച് കണ്ടാലും അനില്‍ സാര്‍ സംസാരിക്കും. അവിടെ മമ്മൂക്കയുണ്ടെങ്കിലും, ലാലേട്ടനുണ്ടെങ്കിലും, ലാലേട്ടനോടൊക്കെ സംസാരിക്കുന്ന പോലെതന്നെ എന്നോട് സാറ് സംസാരിക്കും’

വീഡിയോയുടെ അവസാനം അനില്‍ രാധകൃഷ്ണമേനോനെയും കാണിക്കുന്നുണ്ട്.

Top