നിങ്ങള്‍ക്കൊപ്പം, നേരിനൊപ്പം! ബിനീഷ് ബാസ്റ്റിന്റെ മീം ട്രോളാക്കി കേരളാ പൊലീസ്

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിയനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ പ്രതിഷേധം കത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം താരത്തെ അനുകൂലിച്ചും സംവിധായകനെ പഞ്ഞിക്കിട്ടും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം കേരള പൊലിസും സംഭവം ഏറ്റെടുത്തിരിക്കുകയാണ്. സമകാലിക വിഷയങ്ങള്‍ ഹാസ്യരൂപേണ എന്നാല്‍ വിഷയത്തില്‍ ചോര്‍ച്ച ഇല്ലാത്ത രീതിയില്‍ ട്രോളാക്കുന്ന പതിവാണ് ഇപ്പോള്‍ കേരളാ പൊലീസിനുള്ളത്. അത്തരത്തില്‍ ബിനീഷിന്റെ മീമുകള്‍ ഉപയോഗിച്ച് ട്രോള്‍ ഉണ്ടാക്കി ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘നമ്മുടെ പേജ് ‘ , ‘ നിങ്ങള്‍ വളര്‍ത്തിയതാണ് ഈ പേജ് ‘, ‘നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നിങ്ങളോടൊപ്പം തന്നൊണ് ഈ പേജും’. ‘ഇനിയും നിങ്ങളോടൊപ്പം തന്നെയുണ്ടാകും’. ‘തെറ്റിനൊപ്പമല്ല നിങ്ങള്‍ക്കൊപ്പം നേരിനൊപ്പം’ എന്ന കുറിപ്പും മീമിനൊപ്പം ഉണ്ട്. അതേസമയം മീമിന് താഴെ കമന്റായി വാളയാര്‍ കേസ് സംബന്ധിച്ച വിവാദം മുക്കാനുള്ള പൊലിസിന്റെ സൈക്കോളജിക്കല്‍ മൂവാണ് പുതിയ ട്രോള്‍ മീമെന്ന കമന്റുകളും വന്നിട്ടുണ്ട്.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ യൂണിയന്‍ ദിനാഘോഷത്തിനെത്തിയതായിരുന്നു ബിനീഷും അനിലും.ബിനീഷിനോട് മുഖ്യാതിഥി ആണെന്നായിരുന്നു യൂണിയന്‍ പറഞ്ഞിരുന്നത്. പിന്നീട് വേദിയില്‍ എത്തരുതെന്ന് സംഘാടകര്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ താരം പ്രകോപിതനായി. ശേഷം സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചവനോടൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായി സംഘാടകര്‍ ബിനീഷ് ബാസ്റ്റ്യനെ അറിയിച്ചു. അതിനാല്‍ കോളേജ് ദിനാഘോഷത്തിന്റെ ഉദ്ഘാടന ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് വേദിയിലെത്തിയാല്‍ മതിയെന്നായിരുന്നു കോളജ് യൂണിയന്‍ ചെയര്‍മാന്‍ ബിനീഷിനോട് പറഞ്ഞത്.

തുടര്‍ന്ന് വേദിയിലെത്തിയ താരം കസേരയില്‍ ഇരിക്കാതെ സംവിധായകനോടുള്ള പ്രതിഷേധം എന്നോണം നിലത്ത് ഇരുന്നു. തുടര്‍ന്ന് എഴുന്നേക്കാന്‍ പ്രിന്‍സിപ്പാള്‍ അടക്കം ആവശ്യപ്പെടുകയും എഴുന്നേക്കാന്‍ തയ്യാറാകാതിരുന്ന താരത്തിനോട് പോലീസിനെ വിളിക്കും എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ശേഷം വേദിയിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിപ്പോയി. എഴുതി തയ്യാറാക്കിയ കുറിപ്പ് ബിനീഷ് വായിച്ചു.

Top