ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്.

ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.

അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്.

Top