ബിനീഷ് കോടിയേരി വെട്ടിലാക്കിയത് സംസ്ഥാനത്തെ ഇടതുപക്ഷത്തെ . . .

ത് പുതിയ കാലമാണ്. ‘ചെറിയ പിഴവുകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടി വരുന്ന കാലഘട്ടമാണിത്. സോഷ്യല്‍ മീഡിയയുടെ വരവോടെ വലിയ വെല്ലുവിളികളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേരിടേണ്ടി വരുന്നത്. നിറം പിടിപ്പിച്ച കഥകളാല്‍ സമ്പന്നമാണിന്ന് ന്യൂ ജനറേഷന്‍ മീഡിയകള്‍. മാധ്യമ ക്യാമറകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പോലും സോഷ്യല്‍ മീഡിയയുടെ കണ്ണുകള്‍ കണ്ടെത്തുന്ന കാലം കൂടിയാണിത്. പൊതു പ്രവര്‍ത്തകര്‍ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും അതുകൊണ്ട് തന്നെ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ വലിയ വീഴ്ച ബിനീഷ് കോടിയേരിക്ക് പറ്റിയിട്ടുണ്ട്. പിതാവായ കോടിയേരി ബാലകൃഷ്ണനെയും സി.പി.എമ്മിനെയുമാണ് ബിനീഷ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

ഒരു കമ്മ്യൂണിസ്റ്റിന്റെ കുടുംബത്തില്‍ ഒരിക്കലും ‘വില്ലന്‍മാര്‍’ ഉണ്ടാകാന്‍ പാടില്ലായിരുന്നു. മക്കളെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ വലിയ വീഴ്ചയാണ് കോടിയേരിക്ക് സംഭവിച്ചിരിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് ബിനീഷിന്റെ അറസ്റ്റ്. മക്കള്‍ ചെയ്തതിന് അവര്‍ അനുഭവിച്ച് കൊള്ളട്ടെ എന്നു മാത്രം പറഞ്ഞിട്ട് കാര്യമില്ല. മക്കളെ അച്ചടക്കത്തോടെ വളര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്. മക്കളുടെ പുത്തന്‍ കൂട്ടുകെട്ടുകള്‍ ആരൊക്കെയായിട്ടാണ് എന്നതും ചെയ്യുന്ന പ്രവര്‍ത്തികളുമെല്ലാം ആദ്യം അറിയേണ്ടത് പിതാവ് തന്നെയാണ്. മുന്‍പ് തന്നെ മക്കള്‍ വിവാദ നായകരായപ്പോള്‍ കോടിയേരി റെഗ് സിഗ്‌നല്‍ ഉയര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു. ഇത് വലിയ വീഴ്ച തന്നെയാണ്. ഇക്കാര്യം സി.പി.എം നേതൃത്വം ശരിക്കും പരിശോധനക്ക് വിധേയമാക്കുക തന്നെ വേണം.

ന്യൂ ജനറേഷന്‍ മക്കള്‍ക്ക് പഴയ കാല കമ്യൂണിസ്റ്റുകളുടെ ജീവിത രീതിയാണ് ആദ്യം കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പഠിപ്പിച്ച് കൊടുക്കേണ്ടത്. വിപ്ലവത്തിന് ഏറെവളക്കൂറുള്ള കേരളത്തിന്റെ മണ്ണില്‍ ‘സഖാവ് ‘ എന്ന വാക്കിന് അര്‍ത്ഥവ്യാപ്തി ഏറെയാണ്. ആ വാക്കിന് വല്ലാത്തൊരു കേള്‍വി സുഖമുണ്ട്. അത് യാതൊരു മുന്‍പരിചയവുമില്ലാത്ത മറ്റൊരാളുമായി ഒറ്റവിളിയിലൂടെ ഗാഢമായ ഒരു ആത്മബന്ധമാണ് സ്ഥാപിച്ചു നല്‍കുന്നത്. അതില്‍ സൗഹൃദമുണ്ട്, സ്‌നേഹമുണ്ട് ഒപ്പം സാഹോദര്യവുമുണ്ട്. കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയില്‍ പറയുന്നതു പോലെ ‘ദിസ് കോമ്രേഡ് ഈസ് അവര്‍ കോമ്രേഡ്, പ്ലീസ് ഡൂ ദ നീഡ്ഫുള്‍…’ എന്നതു തന്നെയാണ് അതിന്റെ സൂക്ഷ്മാര്‍ത്ഥവും.

ഒരു സഖാവിന് എന്തു സഹായവും നിരുപാധികം ചെയ്തു നല്‍കാന്‍ ബാധ്യസ്ഥനാണ് മറ്റൊരു സഖാവ്. ഇത്തരക്കാരുടെ പട്ടികയില്‍ ഒരിക്കലും ബിനീഷ് കോടിയേരിയെ സഖാക്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുകയില്ല. പുറത്ത് വന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ ഒരംഗം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ബിനീഷ് ചെയ്തിരിക്കുന്നത്. കേസ് സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ഈ ഘട്ടത്തില്‍ കടക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാതിരിക്കാന്‍ കഴിയുകയില്ല. സി.പി.എം രൂപം കൊണ്ട 1964 മുതല്‍ 1972-ല്‍ മരിക്കുന്നതു വരെ പാര്‍ട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്ന സി.എച്ച് കണാരനെ ഈ ഘട്ടത്തില്‍ നാം ഓര്‍ക്കണം. നിര്‍ഭയനായ വിമര്‍ശകനും സ്നേഹസമ്പന്നനായ സഖാവും, സമര്‍ഥനായ സംഘാടകനും ആയിരുന്നു അദ്ദേഹം.

മകന്‍ രാഷ്ട്രീയ എതിര്‍ചേരിയിലായപ്പോഴും സി.എച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടില്ല. മറിച്ച് അഭിമാനമായാണ് മാറിയത്. എസ്.എഫ്.ഐ – കെ.എസ്.യു സംഘട്ടനത്തില്‍ പരിക്കേറ്റവരെ കാണാന്‍ വടകര താലൂക്ക് ആശുപത്രിയിലെത്തിയ സി.എച്ച് അവിടെ പരിക്കേറ്റ് കിടന്ന കെ.എസ്.യു നേതാവായ സ്വന്തം മകനെ കാണാതെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മാത്രം സന്ദര്‍ശിച്ചാണ് മടങ്ങിയിരുന്നത്. മകനെ കാണാതെ പോയത് എന്ത് കൊണ്ടാണെന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ‘പരിക്കേറ്റ എന്റെ വിദ്യാര്‍ത്ഥി സഖാക്കളെ കാണാനാണ് താന്‍ വന്നതെന്ന മറുപടിയാണ് സി.എച്ച് നല്‍കിയിരുന്നത്.

സി.പി.എമ്മിന്റെ മറ്റൊരു സംസ്ഥാന സെക്രട്ടറിയായിരുന്നു സഖാവ് ചടയന്‍ ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറിയുടെ കാറില്‍ സ്വന്തം മകനെ പോലും കയറ്റാതിരുന്ന നേതാവായിരുന്നു ഈ കമ്മ്യൂണിസ്റ്റ്. പാര്‍ട്ടി കൊടുത്ത കാര്‍ പാര്‍ട്ടി സെക്രട്ടറിയായ ചടയന് ഉപയോഗിക്കാന്‍ മാത്രമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മകന്‍ സുരേന്ദ്രന് കണ്ണൂരിലെ ഒരു സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജോലി കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പ്രാദേശികമായി ചില സഖാക്കളുടെ എതിര്‍പ്പ് കേട്ടറിഞ്ഞ ഉടന്‍ മകന് ആ ജോലി വേണ്ടെന്ന നിലപാടാണ് ചടയന്‍ സ്വീകരിച്ചിരുന്നത്. തൊഴിലാളി സംഘടനാ പ്രവര്‍ത്തനം കൊണ്ട് ലക്ഷപ്രഭുവായി എന്ന് ‘മാമാ’ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച അഴീക്കോടന്‍ രാഘവന്റെ ശരീരം തൃശൂരിലെ ചെട്ടിയങ്ങാടി തെരുവില്‍ നിന്നും പായയില്‍ പൊതിഞ്ഞ് കണ്ണൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ മാത്രമാണ് ആ വീടിന്റെ ദാരിദ്യവും രാഷ്ട്രീയ കേരളം അറിഞ്ഞിരുന്നത്.

ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരായി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പോരാടിയ കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ് അഴീക്കോടന്‍ രാഘവന്‍. ഏറനാടിന്റെ വീരപുത്രന്‍ ഇമ്പിച്ചിബാവയും പാലൊളി മുഹമ്മദ് കുട്ടിയും എല്ലാം കെ.എസ്.ആര്‍.ടിസിയില്‍ യാത്ര ചെയ്ത, ലളിത ജീവിതങ്ങളാണ്. എം.കെ കേളുവും എ.പി വര്‍ക്കിയുമെല്ലാം വിവാഹം പോലും കഴിക്കാതെയാണ് ജീവിതം തന്നെ ചെങ്കൊടിക്കു വേണ്ടി സമര്‍പ്പിച്ചത്. ഇതൊന്നും പുതിയ കാലത്തെ പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ മറന്നു പോകരുത്. തെറ്റ് തിരുത്തല്‍ പ്രമേയങ്ങളും പ്ലീനങ്ങളിലുമെല്ലാം വെറും ചടങ്ങായി മാറാന്‍ പാടില്ല. തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ കഴിയണം. ആത്മാര്‍ത്ഥമായ തിരുത്തലുകളും ജീവിത മൂല്യങ്ങളുമാണ് പുതിയ കാലത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരും പിന്‍തുടരേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

ഒരുപാട് പേരുടെ ചോര വീണ് ചുവന്ന ചെങ്കൊടിയാണിത്. അതിനെ ശത്രുക്കള്‍ക്ക് കൊത്തിപ്പറിക്കാന്‍ ഒരിക്കലും നേതാക്കളുടെ മക്കളായിട്ട് ഇട്ടു കൊടുക്കരുത്. ലോക്കപ്പ് മുറിയില്‍ ജീവരക്തം കൊണ്ട് അരിവാളും ചുറ്റികയും വരച്ച മണ്ടോടി കണ്ണന്റെ പ്രസ്ഥാനമാണിത്. കഴുമരത്തില്‍ കയറുന്നതിന് മുന്‍പ് തങ്ങളെ കാണാന്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി വിതുമ്പി കരഞ്ഞപ്പോള്‍ കരയരുത് സഖാവെ, ഞങ്ങളെ അഭിമാനത്തോടെ യാത്രയാക്കൂ എന്ന് ആവശ്യപ്പെട്ട കയ്യൂര്‍ സഖാക്കളുടെ ജീവത്യാഗവും ഒരിക്കലും മറന്നു പോകരുത്. സര്‍.സി.പിയുടെ നിറതോക്കുകളെ വാരി കുന്തം കൊണ്ട് തോല്‍പ്പിച്ച പുന്നപ്ര വയലാര്‍ ഇന്നും പൊരുതുന്ന മനസ്സുകളുടെ ആവേശമാണ്.

മുനയന്‍കുന്നും, പാടി കുന്നും, കാവുമ്പായിയും കരിവള്ളൂരും കൂത്ത് പറമ്പുമെല്ലാം ചെങ്കൊടിയെ കൂടുതല്‍ ചുവപ്പിച്ച പോരാട്ടങ്ങളാണ്. അനവധി പേരാണ് ഈ സമരമുഖങ്ങളില്‍ പിടഞ്ഞ് വീണിരിക്കുന്നത്. ഓര്‍ക്കുമ്പോള്‍ തന്നെ സിരകളില്‍ അഗ്‌നി പടര്‍ത്തുന്ന പോരാട്ട ചരിത്രങ്ങളാണിത്. പറയാന്‍ തുടങ്ങിയാല്‍ കമ്യൂണിസ്റ്റുകള്‍ക്ക് പറയാനുള്ളത്ര ചരിത്രം ഈ മണ്ണില്‍ മറ്റാര്‍ക്കും തന്നെ പറയാനുണ്ടാകില്ല. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് വ്യക്തിയല്ല പ്രസ്ഥാനവും പ്രത്യായ ശാസ്ത്രവുമാണ് വലുത്. പാര്‍ട്ടി സെക്രട്ടറിമാര്‍ മാറി കൊണ്ടിരിക്കും, മാറാത്തത് ചെങ്കൊടി മാത്രമായിരിക്കും.

തെറ്റു തിരുത്തല്‍ പ്രക്രിയ പാര്‍ട്ടി നേതാക്കള്‍ സ്വന്തം കുടുംബത്തില്‍ നിന്നും വ്യക്തി ജീവിതത്തില്‍ നിന്നുമാണ് ആദ്യം തുടങ്ങേണ്ടത്. എന്നിട്ടു വേണം അണികളെ പഠിപ്പിക്കുവാന്‍. അഭിമാനമാകേണ്ടവര്‍ തന്നെ അപമാനമായി ഒരിക്കലും മാറാന്‍ പാടില്ല. ഇവിടെ ബിനീഷ് കോടിയേരി വലിയ ഒരു ‘തെറ്റ്’ തന്നെയാണ്. എ.കെ.ജി സെന്ററിന്റെ പടവുകള്‍ക്ക് മുകളില്‍ നിന്ന് അഹങ്കാരത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആ ഫോട്ടോ അസ്വസ്ഥപ്പെടുത്തുന്നത് സംസ്ഥാനത്തെ ചുവപ്പ് മനസ്സുകളെയാണ്. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനും തിരിച്ചറിയണം.

Top