കഴിഞ്ഞ തവണ മല കയറിയ ദിവസം തന്നെ ഇത്തവണയും.. ബിന്ദു അമ്മിണി, പൊലീസ് ജാഗ്രത!

കൊച്ചി: ശബരിമലയിലേക്കുള്ള വരവ് അവസാനിപ്പിച്ചിട്ടില്ലെന്ന് ബിന്ദു അമ്മിണി. അടുത്ത വരവ് ജനുവരി രണ്ടിനായിരിക്കും എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഈ നവോത്ഥാന നായിക. ആക്രമണത്തെ ഭയക്കുന്നില്ലെന്നാണ് ബിന്ദു പറയുന്നത്. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശബരിമലയിലേക്ക് വരുന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല ഇനി വരുന്നത് തനിച്ചല്ലെന്നും ശബരിമല കയറാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ തവണ ജനുവരി രണ്ടിനാണ് ശബരിമലയില്‍ പ്രവേശിച്ചത്. കൃത്യം ഒരു വര്‍ഷം തികയുന്ന അന്ന് തന്നെ വീണ്ടും ശബരിമലയില്‍ പോകാനാണ് തീരുമാനമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നിന്ന് സുരക്ഷ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

കഴിഞ്ഞ ദിവസം മല കയറാന്‍ എത്തിയ തൃപ്തി ദേശായിക്കൊപ്പം കമ്മീഷണര്‍ ഓഫീസില്‍ എത്തിയ ബിന്ദുവിന് നേരെ മുളക് സ്‌പ്രേ പ്രയോഗം നടന്നിരുന്നു. ഈ സംഭവത്തിവന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. മാത്രമല്ല മാധ്യമങ്ങളില്‍ അടക്കം വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷണന്‍ സ്വമോധയാ കേസെടുത്തിട്ടുമുണ്ട്.

Top