ശബരിമല വിധി നടപ്പാക്കണം ; ബിന്ദു അമ്മിണിയുടെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി വേഗത്തിൽ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

ബിന്ദുവിന് വേണ്ടി കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ഹാജരാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോടാണ് ഇക്കാര്യം ആവശ്യപ്പെടാൻ പോകുന്നത്.

ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്ര-ദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തൃപ്തി ദേശായിക്കും സംലത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോയിരുന്നു.

ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നൽകാൻ നിർദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമർപ്പിച്ച ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ഇന്നലെ എസ് എ ബോബ്‌ഡെ പറഞ്ഞത്. ഈ ഹർജികൾ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തിൽ തീരുമാനം ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസെടുക്കും.

Top