രാജ്യത്തെ ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ താത്കാലികമായി പിന്‍വലിച്ചു

ദില്ലി: രാജ്യത്തെ ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ താത്കാലികമായി പിന്‍വലിച്ചു. മാറ്റങ്ങളോടെ പുതിയ ബില്ലുകള്‍ കൊണ്ടു വരുമെന്ന് അറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെന്റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബില്ല് പിന്‍വലിച്ചത്. ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവയാണ് പിന്‍വലിച്ചത്.

പുതിയ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്‌സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചത്. ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത, സിആര്‍പിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാക്കി മാറ്റിയും തെളിവു നിയമം ഭാരതീയ സാക്ഷ്യ എന്നിങ്ങനെയുമാണ് മാറ്റിയത്.

ഐപിസിയിലെ 22 വകുപ്പുകള്‍ റദ്ദാക്കി 175 വകുപ്പുകള്‍ക്ക് മാറ്റം വരുത്തി ഒമ്പത് പുതിയ വകുപ്പുകള്‍ ചേര്‍ത്തതാണ് ഭാരതീയ ന്യായ സംഹിത തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയില്‍ സിആര്‍പിസിയുടെ 9 വകുപ്പുകള്‍ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളില്‍ മാറ്റം വരുത്തുകയും ചെയ്തു. ഒന്‍പതെണ്ണം പുതിയതായി ചേര്‍ത്തിട്ടുണ്ട്. തെളിവ് നിയമത്തിലെ 5 വകുപ്പുകള്‍ റദ്ദാക്കി, 23 വകുപ്പുകളില്‍ മാറ്റം വരുത്തി ഒരു വകുപ്പ് അധികമായി ചേര്‍ത്താണ് ഭാരതീയ സാക്ഷ്യ ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മാറ്റങ്ങളോടെ അധികം വൈകാതെ തന്നെ ഈ ബില്ലുകള്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുമെന്നാണ് കരുതുന്നത്.

Top