പുതുവർഷത്തെ സന്തോഷത്തോടെയാണ് ടെക് ഭീമൻമാർ വരവേൽക്കുന്നത് കാരണം ബ്ലൂംബര്‍ഗിന്റെ ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ള ലോകത്തെ ഏറ്റവും വലിയ 500 ധനികര്‍ക്ക് 2023 ആഹ്ലാദിക്കാവുന്ന വര്‍ഷമായിരുന്നു. 2022ൽ ഇവര്‍ക്ക് 1.4 ട്രില്ല്യന്‍ ഡോളറാണ് നഷ്ടമായതെങ്കില്‍, 2023ൽ അവര്‍ക്ക് 1.5 ട്രില്ല്യന്‍ ഡോളര്‍ അധികമായി ലഭിച്ചു. ടെക്‌നോളജി കമ്പനികളുടെ ഓഹരികളുടെ മൂല്യം വര്‍ദ്ധിച്ചതിനാലാണ് ആസ്തിയും വർദ്ധിച്ചത്. നിര്‍മിത ബുദ്ധിയുടെ (എഐ) കാലമാണിനി എന്ന പ്രചാരണം മുറുകിയതോടെ, ടെക്‌നോളജി കോടീശ്വരരുടെആസ്തി 658 ബില്ല്യന്‍ ഡോളര്‍ വളര്‍ന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വർഷം നിർമിത ബുദ്ധിയുടെ വളർച്ച ലോകം കാത്തിരിക്കെ ശുഭപ്രതീക്ഷയിലാണ് കമ്പനി മേധാവിമാർ.
ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് എല്‍വിഎംഎച് ഉടമ ബേണഡ് ആര്‍ണോയെ മറികടന്ന് മസ്‌ക് വീണ്ടും ലോകത്തെ ഏറ്റവും വലിയ ധനികനെന്ന പട്ടം ചൂടി. ടെസ്‌ലയുടെയും സ്‌പെയ്‌സ്എക്‌സിന്റെയും ഓഹരിയുടെ ഉയര്‍ച്ചയാല്‍ അദ്ദേഹത്തിന് 95.4 ബില്ല്യന്‍ ഡോളര്‍ ലഭിച്ചു. ഇതേ ഓഹരികളുടെ തകര്‍ച്ചയാല്‍ 2022ല്‍ മസ്‌കിനു നഷ്ടമായത് 138 ബില്ല്യന്‍ ഡോളറായിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആര്‍ണോയെക്കാള്‍ ഇപ്പോള്‍ 50 ബില്ല്യന്‍ ഡോളറാണ് മസ്‌കിന് വര്‍ഷാവസാനം അധികമായി ഉള്ളത്. ആമസോണ്‍ മേധാവി ജെഫ് ബേസോസും തന്റെ നില മെച്ചപ്പെടുത്തി. അദ്ദേഹത്തിന് 2023ല്‍ ലഭിച്ചത് 70 ബില്ല്യന്‍ ഡോളറാണ്. തര്‍ച്ചയിലേക്ക് എന്ന് 2022ല്‍ കരുതിയ മെറ്റാ പ്ലാറ്റ്‌ഫോം തിരിച്ചെത്തിയതോടെ കമ്പനിയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 80 ബില്ല്യന്‍ ഡോളര്‍ അധികമായി ലഭിച്ചു.
അതിനിടെ, അമേരിക്കന്‍ മാസികയായ ന്യൂ റിപ്പബ്ലിക് മസ്‌കിനെ ഈ വര്‍ഷത്തെ തെമ്മാടിയായി (The Scoundrel of the Year) പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുയാണിപ്പോള്‍. ജൂത വിരോധം പ്രകടിപ്പിക്കുന്ന ഒരു പോസ്റ്റ് എക്‌സ് പ്ലാറ്റ്‌ഫോമിലിട്ടതാണ് മാസികയെ ഇത്രയധികം ചൊടിപ്പിച്ചതിന്റെ കാരണങ്ങളിലൊന്ന്. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തിയ നീക്കങ്ങളും ന്യൂ റിപ്പബ്ലികിന് രോഷം പകര്‍ന്നു. ഇത്ര ചെറിയ കാലയളവില്‍ സ്വന്തം പേരുചീത്തയാക്കിയ മറ്റൊരു കോടീശ്വരന്‍ ഉണ്ടാവില്ലെന്നും ലേഖനം പറയുന്നു.