കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്‌സഭയില്‍, ഇന്ന് സര്‍വ്വകക്ഷിയോഗം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ തിങ്കളാഴ്ച ലോക്‌സഭയിലെത്തും. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടിക്ക് തുടക്കമിടും. ഡിസംബര്‍ 23 വരെയാണ് സമ്മേളനം.

ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കാനുള്ള ബില്‍ അടക്കം 26 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. അതേസമയം ഇന്ധനവില വര്‍ധനവ്, കര്‍ഷക സമരം, ലഖിംപൂര്‍ കര്‍ഷക കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ അധ്യക്ഷ വെങ്കയ്യ നായിഡു ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്ല് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവതരിപ്പിക്കുന്ന തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഹാജരാകാന്‍ ബിജെപി ലോക്‌സഭാ എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭാ എംപിമാര്‍ക്ക് വിപ്പ് നേരത്തേ നല്‍കിയിരുന്നു. പഞ്ചാബ്. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത്.

Top