കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും

Indian-parliament

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതടക്കം 26 പുതിയ ബില്ലുകള്‍ സഭയില്‍ വരും. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ല് സഭയില്‍ അവതരിപ്പിക്കും. സഭാ സ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വര്‍ധനവ്, കര്‍ഷക സമരം, ലഖിംപൂര്‍ കര്‍ഷക കൊലപാതകം ചൈനയുടെ കടന്നുകയറ്റം അടക്കം പ്രതിപക്ഷം ഈ സമ്മേളന കാലത്ത് ഉയര്‍ത്താന്‍ പോകാന്‍ നിരവധി വിഷയങ്ങളാണ്. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുമെന്ന വ്യക്തമായ സൂചനയും പ്രതിപക്ഷം നല്‍കി. കോവിഡ് നഷ്ടപരിഹാരവും കര്‍ഷകര്‍ക്കുള്ള ധനസഹായവും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെടും.

വിവാദമായ മൂന്ന് കാര്‍ഷിക നിയമം റദ്ദാക്കേണ്ടി വന്ന സാഹചര്യം കൃഷിമന്ത്രി ഇന്ന് ലോക്‌സഭയില്‍ വിശദീകരിക്കും. നിയമം പിന്‍വലിക്കാനുള്ള ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കും.

ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണത്തിനുള്ള ബില്‍, പട്ടികജാതി-പട്ടിക വര്‍ഗ ഭേദഗതി ബില്‍, എമിഗ്രേഷന്‍ ബില്‍, മെട്രോ റെയില്‍ ബില്‍, ഇന്ത്യന്‍ മാരിടൈം ഫിഷറീസ് ബില്‍, നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോഡ്രോപിക് സബ്സ്റ്റാന്‍സ് ബില്‍ എന്നിവയടക്കം 26 ബില്ലുകളാണ് സഭയില്‍ എത്തുക. കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് ഇത്തവണയും ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുക. ഡിസംബര്‍ 23ന് ശൈത്യകാല സമ്മേളനം സമാപിക്കും.

Top