വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല

Indian-parliament

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല. ബില്ല് ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും എന്നായിരുന്നു സൂചനയെങ്കിലും ഇതുവരെ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബില്ലിനെ പറ്റി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അവതരിപ്പിക്കണമെന്ന് രാവിലെ തീരുമാനിക്കുകയാണെങ്കില്‍ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാന്‍ സാധിക്കും.

അതേസമയം, ബില്ലിന്മേല്‍ സ്വീകരിക്കേണ്ട നിലപാട് കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ ആശയഭിന്നത തുടരുകയാണ്. ബില്ലിനോട് വിയോജിക്കുമ്പോഴും എതിര്‍ത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസിലുണ്ട്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. എന്നാല്‍ ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്.

എന്നാല്‍ ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണം എന്ന നിര്‍ദ്ദേശം സിപിഎം പൊളിറ്റ് ബ്യൂറോ യോഗമാണ് മുന്നോട്ടു വച്ചത്. മുസ്ലീം ലീഗും എസ്പിയും എംഐഎമ്മും ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ മൗനം തുടരുകയാണ്. അതേസമയം വോട്ടര്‍പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കോടതിക്ക് പുറത്ത് കേസുകള്‍ മധ്യസ്ഥതയില്‍ തീര്‍ക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെട്ട ബില്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top