കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്‍ രാജ്യസഭ പാസ്സാക്കി

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബില്ലിനു രാജ്യസഭ അംഗീകാരം നല്‍കി. ജമ്മു കാഷ്മീരിനുള്ള പ്രത്യേക സംവരണ ഭേദഗതിയും രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബില്ലും ഒന്നിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ചത്.

കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്‌കാരവും നിലനിര്‍ത്തുന്നതിനുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത തുടരും. എന്നാല്‍ രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികളെ വെറുതെവിടുമെന്ന് അതിന് അര്‍ഥമില്ല. അവര്‍ക്ക് അവരുടേതായ ഭാഷയില്‍ ഉചിതമായ മറുപടി നല്‍കും- അമിത് ഷാ പറഞ്ഞു.

കശ്മീരില്‍നിന്ന് പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളും കശ്മീരിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിനായി സംസാരിച്ച സൂഫികള്‍ കശ്മീരില്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അവരും കശ്മീരില്‍നിന്ന് പുറത്താക്കപ്പെട്ടു. അവരും കശ്മീരിന്റെ പാരമ്പര്യത്തിന്റെ ഭാഗമല്ലേ കശ്മീരിന്റെ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് അവരെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്- അമിത് ഷാ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ഭരണത്തില്‍നിന്ന് പുറത്താക്കുന്നതിന് കോണ്‍ഗ്രസ് നിരവധി തവണ ഭരണഘടനയുടെ 356-ാം വകുപ്പ് ദുരുപയോഗിച്ചിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്‍ സമാജ് വാദി പാര്‍ട്ടിയുടെയും ബിജു ജനതാദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസ്സായത്.

Top