ബിൽക്കിസ് ബാനുക്കേസ്: ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദ്ദേശം

ഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദ്ദേശം. ശിക്ഷാ ഇളവിനെതിരായ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ വിധി. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ഗുജറാത്ത് സർക്കാരിന്റെ തീരുമാനമെന്ന് ഹർജിക്കാർ വാദിച്ചു. 11 പ്രതികളെ മോചിപ്പിക്കുക വഴി അതിജീവിതയെ സമൂഹമാധ്യമത്തിൽ വീണ്ടും തെറ്റുകാരിയാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത് എന്നും ഹർജിക്കാർ വാദിച്ചു.

കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഇതിനെ എതിർത്തു. ഹർജി നൽകിയത് അതിജീവിതയല്ല, മൂന്നാം കക്ഷികളാണ്. മൂന്നാം കക്ഷികൾക്ക് ഒരു ക്രിമിനൽ കേസിൽ ഇടപെടാൻ എങ്ങനെ സാധിക്കും എന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ചോദിച്ചു. എന്നാൽ, കേസിന്റെ വിപുലമായ താത്പര്യം പരിഗണിച്ച് നോട്ടീസ് നൽകാനാണ് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും നോട്ടീസിൽ മറുപടി നൽകണം.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത്‌ സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിയ്ക്കെതിരെയാണ് കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയത്. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് ബിൽക്കിസ് ബാനു അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Top