ബില്‍ക്കിസ് ബാനു കേസ്; പ്രതികള്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ ഒളിവിലാണെന്നു റിപ്പോര്‍ട്ട്. പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ പ്രതികള്‍ ജയിലിലേക്ക് മടങ്ങേണ്ടതുണ്ട്. എന്നാല്‍, കേസിലെ പതിനൊന്നു പ്രതികളില്‍ ഒമ്പതു പേരെയും കാണാനില്ലെന്നാണ് വിവരം.ഗുജറാത്തിലെ രണ്‍ധിക്പുര്‍, സിംഗ്വാദ് എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് പതിനൊന്ന് പ്രതികളും. സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ മാധ്യമങ്ങള്‍ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികള്‍ വീടുകളിലില്ലെന്ന് അറിയുന്നത്.

പ്രതികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കും കൃത്യമായ വിവരമില്ല. പ്രതികള്‍ വീടുവിട്ടിട്ട് ഒരാഴ്ചയോളമായെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കളുടെ മൊഴി. വിധി വരുന്നതിനു മുമ്പുതന്നെ പ്രതികള്‍ വീടുകളില്‍നിന്ന് പോയിരുന്നെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, വിധിപ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ് പ്രതികളെ വീടുകളുടെ പരിസരത്ത് കണ്ടിരുന്നെന്നാണ് കാവലിനു നിര്‍ത്തിയ പോലീസുകാര്‍ പറയുന്നത്.

കേസില്‍ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ ജയിലില്‍ തിരിച്ചെത്തണമെന്നായിരുന്നു കോടതി ഉത്തരവ്. പ്രതികള്‍ മുങ്ങിയതോടെ കീഴടങ്ങല്‍ ചോദ്യചിഹ്നമായിരിക്കുകയാണ്. ഇതുവരെ ഇവരുടെ കീഴടങ്ങല്‍ സംബന്ധിച്ച വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.രഹസ്യമായി പ്രതികളില്‍ ചിലര്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതായുള്ള വിവരം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രതികളുടെ ഗ്രാമങ്ങളില്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Top