ബില്‍ക്കിസ് ബാനു കേസ് ; മലയാളിയായ സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഇടപെടലും നിര്‍ണായകമായി

ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധിയില്‍ മലയാളിയായ സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഇടപെടലും നിര്‍ണായകമായി. കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ മുംബൈ യൂണിറ്റ് എസ്.പിയായിരുന്ന നന്ദകുമാര്‍ നായര്‍ ആണ് ഗോധ്ര ജയില്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ പ്രധാന പ്രതിയായ ശൈലേഷ് ശിവലാല്‍ ഭട്ടിന് ശിക്ഷാഇളവ് കൊടുക്കാനുള്ള തീരുമാനത്തില്‍ ഗോധ്ര ജയില്‍ സൂപ്രണ്ട്, സി.ബി.ഐ മുംബൈ എസ്.പിയായിരുന്ന നന്ദകുമാര്‍ നായരുടെ അഭിപ്രായം തേടിയിരുന്നു.

മുംബൈ സ്പെഷ്യല്‍ ക്രൈംബ്രാഞ്ചിനായിരുന്നു കേസിന്റെ അന്വേഷണചുമതല. അന്ന് ക്രൈംബ്രാഞ്ച് എസ്.പി യായി നന്ദകുമാര്‍ വരുമ്പോഴാണ് കേസിന്റെ ആപ്പീല്‍ നടപടികള്‍ കോടതിയില്‍ പുരോഗമിക്കുന്നത്. വെറുതെവിട്ടവര്‍ക്കടക്കം ശിക്ഷ വാങ്ങിനല്‍കാനും കാര്യക്ഷമമായി വിചാരണ നടത്താനും ക്രൈംബ്രാഞ്ച് തലവനായിരുന്ന നന്ദകുമാര്‍നായര്‍ക്ക് കഴിഞ്ഞിരുന്നു. ഇതിനാലാണ് ഗോധ്ര ജയില്‍ സൂപ്രണ്ട് ശിക്ഷാഇളവ് സംബന്ധിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുന്നത്. മറുപടി കത്തിലാണ് ശിക്ഷാഇളവ് നല്‍കരുതെന്ന് നന്ദകുമാര്‍നായര്‍ നിലപാടറിയിച്ചത്. പൈശാചികമായ കുറ്റകൃത്യം നടത്തിയ പ്രതിയ്ക്ക് യാതൊരു കാരണവശാലും ശിക്ഷാഇളവ് നല്‍കാന്‍ പാടില്ലെന്നും ഇയാള്‍ ഒരുദയയും അര്‍ഹിക്കുന്നില്ലെന്നുമാണ് മൂന്നുപേജുള്ള കത്തിന്റെ അവസാന ഭാഗത്ത് പറയുന്നത്.

2021 മാര്‍ച്ച് 11-ന് അയച്ച ഈ കത്തിനെ, പ്രതികള്‍ക്ക് ശിക്ഷാഇളവ് നല്‍കുന്നതിനെതിരെ ഉയര്‍ന്ന ആദ്യശബ്ദമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രത്തിലും ഗുജറാത്തിലും ബി.ജെപി ഭരിക്കുമ്പോള്‍ ഒരു സി.ബി.ഐ എസ്.പി ഇച്ഛാശക്തിയോടെയെടുത്ത നിലപാടായും ഇതിനെ കണക്കാക്കുന്നു. നന്ദകുമാര്‍ നായരും വിചാരണകോടതി ജഡ്ജിയും മാത്രമാണ് ശിക്ഷാഇളവിനെതിരെ നിലപാടെടുത്തത് എന്നതാണ് ശ്രദ്ധേയം.

Top