ബിലാവൽ ഭൂട്ടോ സർദാരി പിന്മാറി; നവാസ് ഷരീഫ് പാക്ക് പ്രധാനമന്ത്രിയായേക്കും

പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഇല്ലെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സർക്കാരിന്റെ ഭാഗമാകാതെ, പ്രധാനമന്ത്രി പദത്തിൽ പിഎംഎൽ–എൻ പാർട്ടിക്കു പിന്തുണ നൽകുമെന്ന് ഭൂട്ടോ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ നവാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. നാലാം തവണയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.

പിപിപി ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് ബിലാവൽ ഭൂട്ടോ നിലപാട് വ്യക്തമാക്കിയത്. ‘‘എന്റെ പാർട്ടി സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ട് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേക്കില്ല. രാജ്യത്തിന്റെ രാഷ്‌ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിനായാണ് പിഎംഎൽ–എൻ പാർട്ടിക്കു പിന്തുണ നൽകുന്നത്. സർക്കാരിന്റെ ഭാഗമാകാതെയാകുമിത്. ’’–ബിലാവൽ ഭൂട്ടോ പറഞ്ഞു. നാലാംവട്ടവും നവാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുമെന്ന് മുൻപ്രധാനമന്ത്രിയും സഹോദരനുമായ ഷഹബാസ് ഷരീഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോയുടെ പിന്മാറ്റം.

പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിനു പിന്നാലെ സർക്കാരുണ്ടാക്കാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (പിഎംഎൽ–എൻ) നേതാവുമായ നവാസ് ഷരീഫ് നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഇമ്രാൻ ഖാന്റെ പിടിഐ ഒഴികെയുള്ള പാർട്ടികളെ സഖ്യത്തിനു ക്ഷണിച്ചിരുന്നു. സൈന്യത്തിന്റെ പിന്തുണയും നവാസ് ഷരീഫിന്റെ നേതൃത്വത്തിനാണ്.

Top