ബിക്കാനീറില്‍ തമ്പടിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ രാജ്യം വിടണമെന്ന് ഉത്തരവ്

ബിക്കാനീര്‍: ബിക്കാനീറില്‍ തമ്പടിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് ബിക്കാനീര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അടിയന്തിര ഉത്തരവ്. പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സി.ആര്‍.പി.സി 144 പ്രകാരമാണ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്.

പാക്കിസ്ഥാന്‍ വംശജര്‍ക്ക് നഗരത്തില്‍ ഹോട്ടലുകളോ ലോഡ്ജുകളോ നല്‍കരുതെന്നും, ഇവരുമായി നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള വ്യാവസായ ബന്ധവും പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.രാജസ്ഥാന്‍ അതിര്‍ത്തി നഗരമായ ഇവിടെ നിരവധി വിദേശികളാണ് വിനോദ സഞ്ചാരത്തിനായും മറ്റും എത്തിയിരുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏത് നിമിഷവും തിരിച്ചടിയുണ്ടാവുമെന്ന് സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.

അജ്ഞാത ഫോണ്‍വിളികളെയും മറ്റും ജാഗ്രതയോടെ കാണണം. സൈന്യത്തെ കുറിച്ചോ മറ്റൊ ഒരു തരത്തിലുള്ള വിവരവും കൈമാറാന്‍ പാടില്ല. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിംകാര്‍ഡുകള്‍ പോലും ആരും ഉപയോഗിക്കരുതെന്നും ബിക്കാനീര്‍ ജില്ലാ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top