മിനിലോറിക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കയ്പമംഗലം : മിനിലോറിക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. വലപ്പാട് കഴിമ്ബ്രം സ്വദേശി ശശിയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ ചെന്ത്രാപ്പിന്നി സെന്‍ററിലായിരുന്നു അപകടം സംഭവിച്ചത്.

 

ചെന്ത്രാപ്പിന്നിയിൽ നിന്ന് വടക്ക് ഭാഗത്തേക്ക് ബൈക്കിൽ പോകവേയാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പെട്ടി ഓട്ടോ പെട്ടെന്ന് വാതിൽ തുറന്നതോടെ ബൈക്ക് നിയന്ത്രണം വിട്ട് മിനിലോറിക്കിടയിൽപ്പെടുകയായിരുന്നു. മിനിലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയതിനാൽ ശശി സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റര്‍ അപ്പുറത്ത് ഉണ്ടായിരുന്ന ശശിയുടെ സഹോദരന്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

റോഡില്‍ കിടന്ന മൃതദേഹം പൊലീസ് എത്തിയാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. മിനിലോറിയും, പെട്ടി ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാര്‍ക്കെതിരെയും പൊലീസ് കേസെടുക്കും. കയ്പമംഗലം എസ്.ഐ കെ.എസ്.സുബിന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Top