കട്ടപ്പനയില്‍ ബൈക്ക് പിക്അപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റവരെ പൊലീസ് ആശുപത്രിയിലെത്തിച്ചില്ല

ഇടുക്കി: കട്ടപ്പനയില്‍ പിക്അപ്പ് വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രിക്കാരെ ആശുപത്രിയിലെത്തിക്കാതെ പൊലീസ്. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ ജീപ്പാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയത്. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.

ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കള്‍. ഈ സമയം ടൌണില്‍ നിന്നും തെറ്റായ ദിശയില്‍ എത്തിയ പിക്അപ്പ് വാന്‍ ഇവരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ പൊലീസ് ജീപ്പ് എത്തി. ആശുപത്രിയില്‍ എത്തിക്കാനായി പരുക്കേറ്റവരെ ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാന്‍ പൊലീസുകാര്‍ സമ്മതിച്ചില്ല. ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞശേഷം പൊലീസ് ജീപ്പ് കടന്നുകളഞ്ഞു.

പരുക്കേറ്റവരെ അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് പരുക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി അടുത്ത ദിവസം ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമപ്പിക്കുമെന്ന് കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ്‌മോന്‍ പറഞ്ഞു.

Top