മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് വീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്.

കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ മാതൃഭൂമി ബുക്സിന് മുന്നില്‍ വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി അതേ ദിശയില്‍ പോകുകയായിരുന്ന ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ജയശ്രീയുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. തത്ക്ഷണം മരിച്ചു. മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. പീതാംബരന്‍ ആണ് ഭര്‍ത്താവ്.

Top