നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതിത്തൂണിനും മതിലിനും ഇടയില്‍പെട്ട് യുവാവിനു ദാരുണാന്ത്യം

ചവറ:  ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിനും മതിലിനും ഇടയില്‍പെട്ട് യുവാവിനു ദാരുണാന്ത്യം. ചവറ കോട്ടയ്ക്കകം രോഹിണിയില്‍ ജയകുമാര്‍ – ജയലക്ഷ്മി ദമ്പതികളുടെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. ചവറ കൊട്ടുകാട് – നല്ലേഴുത്ത് ജംക്ഷന്‍ റോഡില്‍ ഇഎസ്‌ഐക്ക് സമീപമായിരുന്നു അപകടം.

സ്വകാര്യ ഏജന്‍സിയുടെ വാഹനത്തിലെ സെയില്‍സ്മാനായ അഭിജിത്ത് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വെള്ളി രാത്രി 12.15 ഓടേ കാല്‍നടയാത്രക്കാരനാണ് രക്തം വാര്‍ന്ന നിലയില്‍ യുവാവ് ബൈക്കില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപവാസിയെ വിവരം അറിയിച്ചു.

ചവറ അഗ്നിശമന സേനയും പൊലീസും സ്ഥലത്ത് എത്തി കുടുങ്ങി കിടന്ന അഭിജിത്തിനെ പുറത്തെടുത്ത് ചവറ പൊലീസ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വീടിനു 200 മീറ്റര്‍ അകലെയായിരുന്നു അപകടം.

അപകടം നടന്ന ശേഷം ഒട്ടേറെ സമയം യുവാവ് ഇവിടെ ആരും കാണാതെ കിടക്കേണ്ടി വന്നതായാണ് നിഗമനം. സംസ്‌കാരം ഇന്ന് വൈകിട്ട്.

 

Top