പേരൂര്‍ക്കടയില്‍ ബൈക്കപകടം: മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ബൈക്കപകടത്തില്‍ മൂന്ന് കൗമാരക്കാര്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പേരൂര്‍ക്കട വഴയില പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്.

മൂന്ന് പേരുമായി അമിത വേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി റോഡിനരികിലുള്ള മരത്തിലിടിക്കുകയും തുടര്‍ന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. ബൈക്കും അതിലുണ്ടായിരുന്ന മൂന്ന് പേരും ഇടിയുടെ ആഘാതത്തില്‍ കുഴിയിലേക്ക് തെറിച്ചു വീണു. അപകടം കണ്ട് മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് മൂന്ന് പേരേയും ഉടനെ തന്നെ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

ബിനീഷ്, സ്‌റ്റെഫിന്‍, മുല്ലപ്പന്‍ എന്നീ മൂന്ന് കൗമാരക്കാരാണ് മരണപ്പെട്ടത് എന്നാണ് പൊലീസ് അറിയിക്കുന്നത്. മൂന്ന് പേര്‍ക്കും പതിനാറ് വയസ്സാണ് പ്രായം. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Top