ബിജുമോന്‍ കെ കര്‍ണന്‍ ശ്രീലങ്കയുടെ ഓണററി കോണ്‍സല്‍

തിരുവനന്തപുരം: ശ്രീലങ്കയുടെ കേരളത്തിലെ ഓണററി കോണ്‍സല്‍ ആയി ബിജുമോന്‍ കെ കര്‍ണന്‍. കോണ്‍സല്‍ ആയിരുന്ന ജോമോന്‍ ജോസഫിന്റെ മരണത്തെത്തുടര്‍ന്ന് 2018 മുതല്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

പുതുതായി നിയമിതനായ ശ്രീലങ്കയുടെ ഓണററി കോണ്‍സല്‍ ബിജുമോന്‍ കര്‍ണന്‍ നവംബര്‍ 3ന് ന്യൂഡല്‍ഹിയില്‍ വെച്ച് ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ മിലിന്ദ മൊറഗോഡയില്‍ നിന്ന് നിയമന കമ്മീഷന്‍ സ്വീകരിച്ചു.

ശ്രീലങ്കന്‍ ഹൈക്കമ്മീഷനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഒപ്പിട്ട നിയമന കമ്മീഷന്‍ ഹൈക്കമ്മീഷണര്‍ കര്‍ണന് കൈമാറി.

പ്രമുഖ എഴുത്തുകാരനും തിരുവനന്തപുരം ലോക്സഭാംഗവുമായ ഡോ. ശശി തരൂരും ശ്രീലങ്കന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ഒക്ടോബര്‍ 13ന് തിരുവനന്തപുരത്ത് ശ്രീലങ്കയുടെ ഓണററി കോണ്‍സല്‍ നിയമനം സ്ഥിരീകരിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കേരളത്തിലെ ഒരു പ്രമുഖ വ്യവസായി കൂടിയായ ഓണററി കോണ്‍സല്‍ ബിജുമോന്‍ കെ കര്‍ണന്‍ ഇഎന്‍പിസി പാരീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും കര്‍ണാടക സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

Top