ബിജു മേനോനെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: ബിജു മേനോനെതിരായ സൈബര്‍ ആക്രമണം നീചമാണെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തന്നെ പിന്തുണച്ച നടന്‍ ബിജു മേനോനെ ഏതറ്റംവരെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജു മേനോന്‍ തനിക്ക് സഹോദരതുല്യനാണെന്നും അദ്ദേഹം തനിക്കായി വോട്ട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ നേതാക്കളാണ് ഇതിന് പിന്നിലെന്ന് തനിക്കറിയാമെന്നും ബിജുവിനെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് കൈയില്‍വച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സുരേഷ് ഗോപിക്ക് വിയജാശംസ നേര്‍ന്ന ബിജു മേനോന് നേരെ വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. ചാണകക്കുഴിയില്‍ വീണാല്‍ പിന്നെ മലയാളികള്‍ മാറ്റിനിര്‍ത്തും എന്നായിരുന്നു മുന്നറിയിപ്പ്. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സുരേഷ് ഗോപിയ്ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നത്.

മലയാളികളുടെ മതേതരമനസ്സുകളില്‍ ബിജു മേനോന് ഒരു സ്ഥാനമുണ്ടെന്നും ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു ആ സ്ഥാനം കളയരുതെന്നും ചിലര്‍ പ്രതികരിച്ചു. കാര്യങ്ങളുടെ പോക്കിങ്ങനെയാണെങ്കില്‍ ബിജു മേനോന്‍ ചിത്രങ്ങള്‍ ഇനി കാണില്ലെന്നാണ് കൂടുതല്‍ ആളുകളും പ്രതികരിക്കുന്നത്.

ഇതിനു പിന്നാലെ ബിജുവിന് പിന്തുണ പ്രഖ്യാപിച്ച് അജു വര്‍ഗീസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

Top