ട്രഷറിയില്‍ നിന്ന് പണംവെട്ടിച്ച ബിജുലാല്‍ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്കു പണം കൈമാറി

തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേര്‍ഡ് ഉപയോഗിച്ച് ട്രഷറിയില്‍നിന്ന് പണംവെട്ടിച്ച എം.ആര്‍.ബിജുലാല്‍ തന്റെ രണ്ടു ട്രഷറി അക്കൗണ്ടുകളില്‍നിന്ന് സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്കു പണം കൈമാറിയതായി അന്വേഷണത്തില്‍ വ്യക്തമായി. സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനു രണ്ട് അക്കൗണ്ടുകളാണ് ട്രഷറിയില്‍ ഉണ്ടായിരുന്നത്.

ഈ രണ്ട് അക്കൗണ്ടുകളില്‍നിന്നും സഹോദരിയുടെയും ഭാര്യയുടെയും സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറിയിട്ടുണ്ട്. ട്രഷറിയിലെ ഐഎസ്എംസി (ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്റ് സെല്‍) വിഭാഗത്തിന്റെ വീഴ്ചയാണ് തട്ടിപ്പു നടക്കാന്‍ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

ഐഎസ്എംസി പാസ്വേഡ് ലോക്ക് ചെയ്തിരുന്നെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ പേരില്‍ തട്ടിപ്പു നടത്താന്‍ കഴിയുമായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി. ബിജുലാലിന്റെ പേരില്‍ എച്ച്ഡിഎഫ്‌സി ,എസ്ബിഐ ബാങ്ക് അക്കൗണ്ടുകളിലേക്കും ബിജുലാലിന്റെ സഹോദരിയുടെ പേരില്‍ ധനലക്ഷ്മി ബാങ്ക് അക്കൗണ്ട്, ഭാര്യയുടെ പേരില്‍ എച്ച്ഡിഎഫ്‌സി ,ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളിലേക്കുമാണ് പണം കൈമാറിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിലെയും സോഫ്റ്റ്വയറിലെയും വീഴ്ചകള്‍ അന്വേഷിക്കാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റു ലഭിക്കാനായി കോടികള്‍ ചെലവഴിച്ചു ട്രഷറിയില്‍ പരിഷ്‌കരണ നടപടികള്‍ നടക്കുമ്പോഴാണ് തട്ടിപ്പു നടന്നത്.

Top