Biju ramesh-bar=scam-ldf-support

തിരുവനന്തപുരം: ബാറുകള്‍ തുറക്കാമെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കിയെന്ന ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്. ബാര്‍ അസോസിയേഷന്‍ യോഗത്തിലെ ബിജു രമേശിന്റെ ശബ്ദരേഖയാണ് പുറത്തായത്.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൂട്ടിയാല്‍ 418 ബാറുകളും തുറന്നു തരാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പ് നല്‍കിയതായി ബിജു യോഗത്തില്‍ പറയുന്നുണ്ട്. വി.എസ് കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാരിനെ താഴെ ഇറക്കാമെന്നും ബിജു പറയുന്നു.

ബാര്‍കോഴക്കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്‍ ആവശ്യപ്പെട്ടതായി ബിജു രമേശ് വെളിപ്പെടുത്തുന്നുണ്ട്. നാല് മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ സുകേശന്‍ ആവശ്യപ്പെട്ടു. സുകേശന്‍ സര്‍ക്കാരിനെതിരാണെന്നും ബിജു യോഗത്തില്‍ പറയുന്നു.

ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയിലാണ് ഈ സംഭാഷണമുള്ളത്. ശബ്ദരേഖ കോടതി വിജിലന്‍സിനു കൈമാറിയിരുന്നു. ഇതിലെ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എസ്.പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്

Top