സോളാറില്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കും പങ്ക്, ഉമ്മന്‍ചാണ്ടി കള്ളന്‍ ; വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി പ്രതി ബിജു രാധാകൃഷ്ണന്‍.

ബെംഗളുരു കേസില്‍ തെളിവുകള്‍ ഹാജരാക്കാതിരിക്കാന്‍ പരാതിക്കാരനെ ഉമ്മന്‍ചാണ്ടി സ്വാധീനിച്ചെന്നും, സോളാറിലെ രണ്ട് കേസുകളില്‍ ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും അഭിഭാഷകയ്ക്ക് നല്‍കിയ കത്തില്‍ ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.

സോളാര്‍ കേസില്‍ സര്‍ക്കാര്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ ആരോപണവുമായി ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

മാത്രമല്ല, കേസില്‍ ബലിയാടായെന്നും ഉമ്മന്‍ചാണ്ടിക്ക് കേസില്‍ വ്യക്തമായ പങ്കുണ്ടെന്നും ജയിലില്‍ നിന്നും അഭിഭാഷകയ്ക്ക് കൈമാറിയ കത്തില്‍ ബിജു രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്.

സോളാറുമായി ബന്ധപ്പെട്ട ബെംഗളുരു കേസില്‍ പരാതിക്കാരനായ എംകെ കുരുവിളയെ അമ്പത് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി സ്വാധീനിച്ചെന്നും, ഇതേ തുടര്‍ന്ന് കുരുവിള തെളിവുകള്‍ ഹാജാരാക്കാതിരുന്നതാണ് ഉമ്മന്‍ചാണ്ടി കുറ്റവിമുക്തനാവാന്‍ കാരണമെന്നും, എന്നാല്‍ കുരുവിളയ്ക്ക് പണം നല്‍കിയില്ലെന്നും, തന്നെ ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനമുണ്ടായതായും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നു.

2000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടിന് സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നിയമം നിയമസഭയില്‍ കൊണ്ടു വരുന്നതിന് മൂന്നു കോടി രൂപ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുകയും ഒരു കോടി രൂപ ടെനി ജോപ്പന് നേരിട്ട് നല്‍കുകയും ചെയ്തിരുന്നെന്നും, സലീം രാജിനെ വകവരുത്താന്‍ പദ്ധതിയിട്ടെങ്കിലും ഒന്നരക്കോടി രൂപ കൊടുത്ത് ഒതുക്കിയെന്നും, ഉമ്മന്‍ചാണ്ടി കക്കാനും നില്‍ക്കാനും പഠിച്ച കള്ളനാണെന്നും നുണപരിശോധന നടത്താന്‍ തയ്യാറാണോ എന്നും ബിജു വെല്ലുവിളിക്കുന്നു.

ടീം സോളാറില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പങ്കുണ്ടെന്നും, ഇതിലൊരാള്‍ ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് പ്രചരണത്തിനെത്തിയിരുന്നെന്നും ബിജു ആരോപിക്കുന്നു.

കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുമെന്ന് ബിജുവിന്റെ അഭിഭാഷക വ്യക്തമാക്കി.

Top