Biju Radhakrishnan-cd against Oommen Chandy

കൊച്ചി : കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത് നാളത്തെ സോളാര്‍ കമ്മീഷന്‍ സിറ്റിംഗ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നാളെ സരിതയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന് കഴിഞ്ഞില്ലെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഉയര്‍ത്തെഴുന്നേല്‍പ്പാകും.

പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും വന്‍ തിരിച്ചടിയും ഖേദം പ്രകടിപ്പിക്കേണ്ട അവസ്ഥതന്നെയും ഇത്തരമൊരു സാഹചര്യം വഴിവെക്കും.

ബിജു തെളിവ് ഹാജരാക്കാന്‍ സാധ്യതയില്ലെന്ന് കണ്ട് സ്ത്രീ വിഷയം വിട്ട് അഴിമതി ആരോപണത്തില്‍ ഊന്നി പ്രതിപക്ഷം ചുവട് മാറ്റിയിട്ടുണ്ടെങ്കിലും ശക്തമായ തിരിച്ചടിയുമായി രംഗത്ത് വരാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഉമ്മന്‍ചാണ്ടിക്കെതിരായ അഴിമതി ആരോപണങ്ങളുടെ വിശ്വാസ്യതപോലും ഇതുവഴി ചോദ്യം ചെയ്യണമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്സിലെ എ വിഭാഗം. സോളാര്‍ കമ്മീഷന് മുമ്പില്‍ ബിജുവിനെക്കൊണ്ട് ആരോപണം പറയിപ്പിച്ചവര്‍ തെളിവ് ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിടുമെന്ന് പ്രതീക്ഷിച്ചിരിക്കില്ലെന്നാണ് എ വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

വിവാദ സി.ഡി സരിതയുടെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞ് ‘പിടിച്ചു നില്‍ക്കാന്‍’ പറ്റുന്ന സാഹചര്യവും ആവേശ തള്ളിച്ചയില്‍ തെളിവ് തന്റെ പക്കലുണ്ടെന്ന് പറയുക വഴി ബിജു രാധാകൃഷ്ണന്‍ നഷ്ടപ്പെടുത്തിയെന്നാണ് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നത്.

മുഖ്യമന്ത്രിക്കൊപ്പം ആരോപണ വിധേയരായ മന്ത്രി ഷിബു ബേബി ജോണ്‍, എ.പി. അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ക്കെതിരായ ആരോപണത്തിന്റെ വിശ്വാസ്യതയും നാളെത്തോടെ തകരുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.

ബിജുരാധാകൃഷ്ണന്റെ നിലപാടും സരിതയുടെ കമ്മീഷന് മുന്നിലെ സിറ്റിങ്ങും കഴിയുന്നതോടെ കോണ്‍ഗ്രസ്സില്‍ വലിയ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയെ തെറുപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ബിജുരാധാകൃഷ്ണനെ ഉപയോഗപ്പെടുത്തിയതാണെന്ന ആരോപണം ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ശക്തമാണ്.

നേരത്തെ ആക്ഷേപമുയര്‍ത്തുന്ന നേതാക്കളെ വീണ്ടും ആരോപണത്തില്‍ ഉള്‍പ്പെടുത്തിയത് ആര്‍ക്കും സംശയം തോന്നാതിരിക്കാനാണെന്നാണ് പറയപ്പെടുന്നത്.

ഈ നേതാക്കളും അണിയറയില്‍ അരങ്ങേറിയ ‘നാടക’ ത്തിന്റെ ഉറവിടം തേടി നിലപാട് മാറ്റത്തിനായി തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നേതൃസ്ഥാനം ലക്ഷ്യമിട്ട് നില്‍ക്കുന്ന ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലക്കായിരിക്കും അഗ്നിശുദ്ധി വരുത്തി വരുന്ന ഉമ്മന്‍ചാണ്ടി ഭീഷണിയാകുക.

സഹതാപ തരംഗം ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാവുമെന്നും നേതൃമാറ്റം ഉണ്ടാവില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് എ വിഭാഗം. അവരെ അല്‍പ്പമെങ്കിലും ആശങ്കപ്പെടുത്തുന്നത് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ സാന്നിദ്ധ്യം മാത്രമാണ്.

ഉമ്മന്‍ ചാണ്ടി മാറുകയാണെങ്കില്‍ ഹൈക്കമാന്റ് പിന്‍തുണയില്‍ സുധീരന് മാത്രമാണ് ‘എ’ ഗ്രൂപ്പും സാധ്യത കല്‍പ്പിച്ചിരിക്കുന്നത്.

ബിജു രാധാകൃഷ്ണന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരാനാണ് എ ഗ്രൂപ്പ് തീരുമാനം. ഇതിനെല്ലാമപ്പുറം ഏതെങ്കിലും തെളിവുകള്‍ ഹാജരാക്കപ്പെട്ടാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ രാജിയും അനിവാര്യമാകും.

അതേ സമയം നാളെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സോളാര്‍ കമ്മീഷന് മുന്നില്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Top