കെഎസ്ആർടിസി തൊഴിലാളി സംഘടനകളുമായി ബിജു പ്രഭാകറിന്റെ ചർച്ച ഇന്ന്

തിരുവനന്തപും: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകർ ഇന്ന് ചർച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാർക്കെതിരെ എംഡിയുടെ പരാമർശത്തിനെതിരെ യൂണിനയനുകൾ രംഗത്ത് വന്നതിന് ശേഷമുള്ള ചർച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പടെയുള്ള സംഘനടകൾ രംഗത്തുണ്ട്.

ഐഎൻടിയുസി ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്താൻ നിശ്ചിയിച്ചിരുന്നുവെങ്കിലും എംഡി ഇന്നലെ നടത്തിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ കാട്ടുകള്ളന്മാരെയാണ് ആക്ഷേപിച്ചതെന്നും മൊത്തം ജീവനക്കാരെ അല്ലെന്നും ബിജു പ്രഭാകർ വിശദീകരിച്ചെങ്കിലും അതൃപ്തി പുകയുന്നുണ്ട്. ഇതിനിടെ നൂറുകോടി കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തൽ ശരിവെക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

ചില ഉപജാപക സംഘങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുമായി യുദ്ധത്തിനില്ലെന്നും ബിജു പ്രഭാകര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്‍ക്കാണെന്നും ബിജു പ്രഭാകര്‍ പറയുന്നു.

Top