അഡീഷനൽ ഗതാഗത കമ്മിഷണറും കെഎസ്ആർടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി. കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും നൽകി. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കർ. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം. ഗതാഗത സെക്രട്ടറി സ്ഥാനവും ബിജു പ്രഭാകർ ഒഴിഞ്ഞിരുന്നു.
ലേബർ കമ്മിഷണറും സെക്രട്ടറിയുമായ കെ.വാസുകിക്കാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറുമായുള്ള ഭിന്നതയ്ക്കും വിവാദങ്ങൾക്കും പിന്നാലെയാണ് ബിജു പ്രഭാകറിനെ വ്യവസായ സെക്രട്ടറിയാക്കിയത്. കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു.
വ്യവസായ വകുപ്പിൽ മൈനിങ് ജിയോളജി, പ്ലാന്റേഷൻ, കയർ, ഹാൻഡ്‌ലൂം, കാഷ്യൂ വകുപ്പുകൾക്കു പുറമേ ഗതാഗതവകുപ്പിൽനിന്ന് റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിനു നൽകി. ഗുരുവായൂർ ദേവസ്വം കമ്മിഷണറുടെയും കൂടൽമാണിക്യം ദേവസ്വത്തിന്റെയും ചുമതലയും നൽകിയിട്ടുണ്ട്.