കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ ചുമതലയേറ്റു. ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകര്‍ ചുമതലയേറ്റത്. തിരുവനന്തപുരം ജില്ലാ കലക്ടറായിരിക്കെ ‘ഓപ്പറേഷന്‍ അനന്ത’ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ജനപ്രീതി നേടിയ ആളാണ് ബിജു പ്രഭാകര്‍.

പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടുമെന്ന് പറഞ്ഞ അദ്ദേഹം ഈ വെല്ലുവിളികള്‍ പുതിയ സാധ്യതയായാണ് കാണുന്നതെന്ന് വ്യക്തമാക്കി. ശമ്പളത്തിന് മൂന്ന് മാസം കൂടി സര്‍ക്കാര്‍ സഹായം വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് മൂന്നു വര്‍ഷമെങ്കിലും ഇരിക്കാനായാല്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇരുചക്ര വാഹനയാത്രക്കാരെ ബസ്സിലേക്ക് തിരികെ എത്തിക്കുകയാണ് പ്രധാന പദ്ധതി. കംപ്യൂട്ടറൈസേഷന് പ്രഥമ പരിഗണന നല്‍കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്നും യാത്രാ നിരക്ക് കൂട്ടണമെന്ന നിലപാടല്ല തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Top