ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ ബോബിയായി ബിജു മേനോന്‍!

ലയാളത്തിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി വേഷമിടുന്നത് ടോളിവുഡ് സൂപ്പര്‍താരം ചിരഞ്ജീവിയാണ്. റീമേക്കിന്റെ പ്രഖ്യാപനം മുതല്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ആകാംക്ഷയിലാണ്. മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി രാംദാസിനെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ലൂസിഫറില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി അവതരിപ്പിച്ച പ്രതിനായക വേഷം ചെയ്യുന്ന താരത്തെക്കുറിച്ചാണ് പുതിയ വാര്‍ത്ത. പ്രിയദര്‍ശിനിയുടെ രണ്ടാം ഭര്‍ത്താവ് ബോബിയെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ബിജു മേനോനാണ്.

മോഹന്‍ രാജയാണ് ലൂസിഫര്‍ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തെലുങ്കിലെ പേര് ഗോഡ്ഫാദര്‍ എന്നാണ്. ആര്യയുടെ സംവിധായകന്‍ സുകുമാര്‍, സാഹോയുടെ സംവിധായകന്‍ സുജീത് എന്നിവര്‍ക്ക് ശേഷമാണ് ചിത്രത്തിലേക്ക് മോഹന്‍ രാജയെ സംവിധായകനായി നിശ്ചയിച്ചത്. ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രം കൂടിയായ ഗോഡ്ഫാദര്‍, ലൂസിഫറില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പ്രദര്‍ശനത്തിന് എത്തുന്നത്.

 

Top