ബിജു കുര്യനെ കണ്ടെത്തി, നാളെ കേരളത്തിലെത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള കർഷക സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി മന്ത്രി പി പ്രസാദ്. ബിജു ഇന്ന് നാട്ടിലേക്ക് തിരിക്കും. നാളെ കേരളത്തിലെത്തും. ഔദ്യോഗിക അറിവുകൾ ഒന്നും ലഭ്യമായിട്ടില്ല. എന്നാൽ ബിജുവിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മന്ത്രി അറിയിച്ചു.

ഇസ്രയേലിൽ മുങ്ങിയതിന് കാരണം എന്താണെന്ന് ബിജു വിശദീകരിക്കട്ടേയെന്നും മറ്റു നടപടികൾ പിന്നീട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇസ്രയേലിൽ മുങ്ങിയത് ബത്‌ലഹേം കാണാനാണെന്ന് ബിജു പറഞ്ഞതായി സഹോദരൻ ബെന്നി പറഞ്ഞു. നാളെ പുലർച്ചെ ഗൾഫ് എയറിൽ കോഴിക്കോട്ടെത്തും.

ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് അപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. ശേഷം ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.

Top