സഹോദരിയുടെ പേരിലുള്ള സൊസൈറ്റി മറയാക്കി ബിജിമോള്‍ എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം

തിരുവനന്തപുരം : സഹോദരിയുടെ പേരിലുള്ള സൊസൈറ്റി മറയാക്കി ബിജിമോള്‍ എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഫണ്ട് തട്ടിച്ചതായിട്ടാണ് ആരോപണം. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വില്ലേജ് ഇ.ഡി.സികള്‍ക്കായി നീക്കി വച്ച ഫണ്ടില്‍ നിന്നും 15,64,000 രൂപ എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം സഹോദരി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സംഘടനയ്ക്ക് അനുവദിച്ചതായി കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നു.

ഇതിലൂടെ എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അവര്‍ പറയുന്നു. ഇതിനു പുറമെ പദവി ദുര്‍വിനിയോഗം ചെയ്ത് സ്വജനപക്ഷപാതം കാട്ടിയ എംഎല്‍എയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. ഈ തട്ടിപ്പിന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ വി കുമാറും കൂട്ടുനിന്നിട്ടുണ്ട്. ഇവര്‍ക്ക് എതിരെയും ശക്തമായ നടപടി ആവശ്യമാണെന്നും പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു.

അതേസമയം, ഈ തുക അനുവദിച്ചത് വനം മന്ത്രി ചെയര്‍മാനായ ഗവേണിങ് ബോഡിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ വി കുമാര്‍ പറഞ്ഞു.

പലപ്രവാശ്യം എംഎല്‍എ, സഹോദരി ജിജിമോള്‍ എന്നിവര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പയുമായി രഹസ്യമായി തേക്കടിയില്‍ വച്ച് ചര്‍ച്ച നടത്തി. ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സിപിഐ സര്‍വീസ് സംഘടനയുടെ ജോയിന്റ് സെക്രട്ടറിയെ പോലും സ്ഥലം മാറ്റുന്നതിന് എംഎല്‍എ ഇടപെട്ടു. ജോയിന്റ് സെക്രട്ടറിയെ മൂന്നാറിലേക്കാണ് സ്ഥലം മാറ്റിയത്. അതിന് ശേഷം ഈ ഫയല്‍ എന്‍ജിഒ യൂണിയന്‍കാരനായ ക്ലാര്‍ക്കിനെയാണ് ഏല്‍പ്പിച്ചത്. ഇയാളും തട്ടിപ്പിനോട് മുഖം തിരിച്ചതോടെ സ്ഥലം മാറ്റി. മുല്ലക്കുടിയിലേയ്ക്കാണ് ക്ലാര്‍ക്കിനെ എംഎല്‍എ ഇടപെട്ട് സ്ഥലം മാറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

തട്ടിപ്പ് നടത്തിയ എംഎല്‍എയ്ക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാളെ ഡി.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു

Top