bijimol mla – cpi

തിരുവനന്തപുരം: എഡിഎമ്മിനെ ആക്രമിച്ച കേസില്‍ പ്രതിയായ ഇ എസ് ബിജിമോള്‍ എംഎല്‍എ പോലീസില്‍ കീഴടങ്ങാത്തതിനെതിരെ സിപിഐയില്‍ ഭിന്നത. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമവ്യവസ്ഥയെ മാനിക്കാത്തവരെന്ന പ്രതീതി പ്രതിപക്ഷത്തിന് നേരെ ചാര്‍ത്തപ്പെടുമെന്നതിനാല്‍ കോടതിയില്‍ കീഴടങ്ങാന്‍ ബിജിമോള്‍ തയ്യാറാകണമെന്നാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ ആവശ്യം.

ബിജിമോള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല തീരുമാനം എടുക്കാതിരിക്കുകയും എംഎല്‍എ യെ അറസ്റ്റ് ചെയ്യാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന ജസ്റ്റിസ് ബി.കെമാല്‍ പാഷയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലുമാണ് സിപിഐ നേതൃത്വം ഇപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്.

സാധാരണഗതിയില്‍ എട്ടുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് മാത്രമാണ് ക്രിമിനല്‍ നടപടിക്രമത്തിലെ 41 ഒന്ന്(ബി) പ്രകാരം അറസ്റ്റില്‍ ഇളവ് അനുവദിക്കുന്നത്. ഈ ഇളവ് ബിജിമോള്‍ക്കും ബാധകമാണെന്ന സര്‍ക്കാരിന്റെയും ക്രൈംബ്രാഞ്ചിന്റെയും വാദം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിലപാടിനെതിരെ എഡിഎം മോന്‍സി അലക്‌സാണ്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വീണ്ടും നിലപാട് കടുപ്പിച്ചത്.

പത്ത് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബിജിമോള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്നതിനാല്‍ അറസ്റ്റ് വരിക്കാതെ ബിജിമോള്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന കാര്യമാണ് ഇതോടെ വ്യക്തമാക്കപ്പെട്ടത്.

മൂന്നാമത്തെ തവണയും പീരിമേട് മണ്ഡലത്തില്‍ അങ്കത്തിന് തയ്യാറെടുക്കുന്ന ബിജിമോള്‍ക്ക് ജാമ്യമെടുക്കാതെയും അറസ്റ്റ് വരിക്കാതെയും നോമിനേഷന്‍ നല്‍കാനും നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ബിജിമോള്‍ അല്ലാതെ മറ്റാരെയെങ്കിലും പീരിമേട് മത്സരിപ്പിച്ചാല്‍ മണ്ഡലം കൈവിട്ടുപോകുമെന്നതിനാല്‍ റിസ്‌ക് എടുക്കാനും സിപിഐ നേതൃത്വം തയ്യാറല്ല. ഈ ഒരു സാഹചര്യത്തിലാണ് ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ അറസ്റ്റിനോട് സഹകരിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം സിപിഐ നേതൃത്വം ബിജിമോള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് രണ്ടഭിപ്രായം നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിന് ബിജിമോള്‍ വഴങ്ങണമെന്ന നിലപാടിലാണ്. എഡിഎമ്മിനെ മുന്‍നിര്‍ത്തി നടത്തിയ പകപോക്കലാണ് കേസെന്ന് ചുണ്ടിക്കാട്ടി മണ്ഡലത്തില്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിച്ച് ബിജിമോള്‍ക്ക് അനുകൂലമായ തരംഗമുണ്ടാക്കാനാണ് സിപിഐ യുടെ നീക്കം.

Top