കോവിഡ് ബാധിച്ച് വരന്‍ മരിച്ച സംഭവം; വിവാഹ-മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് 600 പേര്‍

പാട്ന: ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ച നവവരന്റെ വിവാഹത്തില്‍ പങ്കെടുത്തത് 400 പേര്‍. മരണാനന്തരചടങ്ങില്‍ 200 പേരും പങ്കെടുത്തു. എല്ലാവരേയും തിരിച്ചറിഞ്ഞുവെന്നും 113 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും പട്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ജൂണ്‍ 15നാണ് ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന യുവാവ് വിവാഹിതനായത്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അത് അവഗണിച്ച് വിവാഹം നടത്തുകയായിരുന്നു. 17ാം തീയതിയോടെ ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാകുകയും യുവാവ് മരണപ്പെടുകയും ചെയ്തു.

വിവാഹത്തിനും മരണാനന്തര ചടങ്ങിലുമായി പങ്കെടുത്തത് ഏകദേശം അറന്നൂറോളം പേരാണ്, എല്ലാവരേയും തിരിച്ചറിഞ്ഞ് ക്വാറന്റീന്‍ ചെയ്തുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാജ് കിഷോര്‍ ചൗധരി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിവാഹചടങ്ങില്‍ അമ്പത് പേരില്‍ കൂടുതലും മരണാനന്തരചടങ്ങില്‍ 20 പേരില്‍ കൂടുതലും പങ്കെടുക്കരുതെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് ചടങ്ങില്‍ ഇത്രയും അധികം ആളുകള്‍ പങ്കെടുത്തത്. നിയമലംഘനം നടന്നത് പോലീസ് പരിശോധിച്ചുവരികയാണ്.

Top