ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് ബീഹാര്‍

പട്ന: കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ ക്വാറന്റീന്‍ ചെയ്യാന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങുന്നവരെയാണ് ക്വാറന്റീന്‍ കേന്ദ്രങ്ങളിലാക്കുക.

അഹമ്മദാബാദ്, സൂറത്ത്, മുംബൈ, പൂനെ, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, കൊല്‍ക്കത്ത, ഗുരുഗ്രാം, ബംഗളൂരു എന്നീ നഗരങ്ങളില്‍നിന്ന് ബീഹാറിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികളെ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുമെന്നാണ് ബീഹാര്‍ സര്‍ക്കാറിന്റെ ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്.

മേല്‍പ്പറഞ്ഞ നഗരങ്ങളില്‍ നിന്ന് ബീഹാറിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ 14 ദിവസത്തേക്ക് പ്രാദേശിക ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. 14 ദിവസത്തെ ക്വാറന്റൈന്‍ ശേഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് പോകാന്‍ അനുവദിക്കുമെന്നും തുടര്‍ന്ന് അവര്‍ 7 ദിസവം ഹോം ക്വാറന്റൈന്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലാ ഭരണകൂടത്തിന് നിലവിലെ നഗരങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താമെന്നും ഉത്തരവില്‍ പറയുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്ന് മടങ്ങുന്നവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്നും ഉത്തരവില്‍ പറയുന്നു.

ഇതുവരെ രണ്ടായിരത്തിലധികം കൊറോണ വൈറസ് കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച കോവിഡ് -19 കേസുകളുടെ എണ്ണം 2,177 ആയി ഉയര്‍ന്നു. കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 11 പേര്‍ മരിക്കുകയും 629 രോഗികള്‍ കോവിഡ് -19 ല്‍ നിന്ന് സുഖം പ്രാപിക്കുകയും ചെയ്തു.

Top