ബീഹാറില്‍ രാഷ്ട്രീയ പോര് തുടരുന്നു;17 എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് ആര്‍ജെഡി

പട്ന: ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ജെ.ഡി.യു. അതേസമയം, ജെ.ഡി.യുവിനെ വെല്ലുവിളിച്ച് ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെ.ഡി.യു നേതാവ് ഉമേഷ് കുശ് വാഹ അവകാശപ്പെടുന്നത്. എന്നാല്‍ ജനുവരി 14 ന് ശേഷം ആര്‍.ജെ.ഡിയിലേക്ക് മാറാന്‍ ഭരണകക്ഷിയുടെ 17 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് ആര്‍.ജെ.ഡി ശ്യാം രാജക് അവകാശപ്പെടുന്നത്.

ആര്‍.ജെ.ഡിയില്‍ ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു. ഭരണ സഖ്യത്തില്‍ നിന്നുള്ള പലരും പുറത്തുചാടാന്‍ ആഗ്രഹിക്കുന്നുവെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ബി.ജെ.പിയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദങ്ങള്‍ ശക്തിപ്പെടുമ്പോഴാണ് ആര്‍.ജെ.ഡിക്കെതിരെ ജെ.ഡി.യു രംഗത്തെത്തിയത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചെങ്കിലും ജെ.ഡി.യുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി നിതീഷ് കുമാറിന് നല്‍കിയെങ്കിലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. പിന്നീട് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ തനിക്ക് താല്പര്യം ഇല്ലായിരുന്നെന്നും ആര്‍ക്ക് വേണമെങ്കിലും ആ സ്ഥാനത്തേക്ക് വരാമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

Top