ബീഹാര്‍ തിരഞ്ഞെടുപ്പ് ;യു.പി മുഖ്യന്‍ ‘വില്ലനാകുമെന്ന’ ഭയത്തില്‍ മോദിയും

യു.പി കഴിഞ്ഞാല്‍ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന സംസ്ഥാനങ്ങളാണ് ബീഹാറും ബംഗാളും തമിഴ് നാടുമെല്ലാം. 40 ലോകസഭ സീറ്റുകളാണ് ബീഹാറിലുള്ളത്. അതായത് യു.പി യുടെ നേര്‍ പകുതി വരുമിത്. ബംഗാളില്‍ 42 സീറ്റുകളും തമിഴ് നാട്ടില്‍ 39 ലോകസഭ സീറ്റുകളുമാണുള്ളത്. അതു കൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മോദിക്കും നിര്‍ണ്ണായകമാണ്. ബീഹാറില്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാളിയാല്‍ അത് മറ്റു സംസ്ഥാനങ്ങളെയും ബാധിക്കും. ഒടുവില്‍ അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടി നേരിടേണ്ടിയും വരും.

ബി.ജെ.പി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നതും ഈ സാധ്യതകളാണ്. ജെ.ഡി.യുവുമായി സഖ്യമായാണ് ബി.ജെ.പി ബീഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭരണ തുടര്‍ച്ച മോദിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ പാളയത്തിലെ പടയും യു.പിയിലെ സ്ത്രീ പീഢനങ്ങളും ബി.ജെ.പിയുടെ പ്രതീക്ഷക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹത്രാസിലെ പെണ്‍കുട്ടിയുടെ കണ്ണീര്‍ ബീഹാറിന്റെ കണ്ണീരാക്കി മാറ്റാന്‍ മഹാസഖ്യവും ബംഗാളിന്റെ കണ്ണീരാക്കി മാറ്റാന്‍ മമത ബാനര്‍ജിയും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ എം.പിമാരെയും നേതാക്കളെയും സംഭവസ്ഥലത്തേക്ക് പറഞ്ഞ് വിട്ടതും പ്രതിഷേധ ‘തീ’ പടര്‍ത്താന്‍ തന്നെയാണ്.

യോഗി ഭരണകൂടത്തിന്റെ പ്രവര്‍ത്തിക്കെതിരെ ഉമാഭാരതി രംഗത്ത് വന്നതും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിപ്പോള്‍ പിടിവള്ളിയായിട്ടുണ്ട്. ബി.ജെ.പി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന പൊതു ബോധമാണ് ഇതോടെ പ്രതിപക്ഷം സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തില്‍ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നത് സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളുമാണ്. പ്രതിപക്ഷ നേതാവ് ഇപ്പോഴും ‘ഐ ഫോണ്‍’ വിവാദത്തിന് മറുപടി പറയുന്ന തിരക്കിലാണ്. രാഹുല്‍ ഗാന്ധിയെ തളളിയിട്ടതൊന്നും കേരളത്തിലെ കോണ്‍ഗ്രസ്സിന് വലിയ പ്രശ്‌നമല്ല. ഇക്കാര്യത്തിലും ശക്തമായി പ്രതികരിച്ചിരിക്കുന്നത് സി.പി.എമ്മാണ്.

ഹത്രാസ് കൂട്ടബലാത്സംഗ കേസും രായ്ക്ക് രാമാനം പൊലീസ് മൃതദേഹം കത്തിച്ചതും ബീഹാറില്‍ പ്രതിഫലിച്ചാല്‍ നിതീഷ് സര്‍ക്കാര്‍ ആ കണ്ണീരില്‍ തട്ടി വീഴും. ഇതിനായുള്ള കൂട്ടായ പ്രവര്‍ത്തനമാണിപ്പോള്‍ പ്രതിപക്ഷം നടത്തി കൊണ്ടിരിക്കുന്നത്. സീറ്റ് വിഭജനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് മഹാ സഖ്യത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. ആകെയുള്ള 243 സീറ്റുകളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റുകളാണ്. മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍ജെഡി അവരുടെ അക്കൗണ്ടില്‍ നിന്ന് ആറു സീറ്റുകളും ജെഎംഎമ്മിന് രണ്ട് സീറ്റുകളും നീക്കിവച്ചിട്ടുണ്ട്.

ധാരണപ്രകാരം കോണ്‍ഗ്രസ് 68 സീറ്റുകളിലാണ് മത്സരിക്കുക. സി.പി.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍ എന്നീ
മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കായി 30 സീറ്റുകളാണ് മഹാ സഖ്യം നല്‍കിയിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം സീറ്റുകളില്‍ വിജയിച്ചാല്‍ നിര്‍ണ്ണായക ശക്തിയാവാന്‍ ഇടതുപക്ഷത്തിന് കഴിയും. അതേ സമയം എന്‍.ഡി.എയിലെ സ്ഥിതി വ്യത്യസ്തമാണ്. രൂക്ഷമായ ഭിന്നതയാണ് ആ മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറുമായുളള ഭിന്നതയെ തുടര്‍ന്ന് ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോക് ജനശക്തി പാര്‍ട്ടി. 143 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് എല്‍.ജെ.പിയുടെ നീക്കം. സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചാലും തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ ബി.ജെ.പി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ജെ.ഡി.യു നേതൃത്വത്തെ ഈ നീക്കം ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. തര്‍ക്കം പരിഹരിച്ച് എല്‍.ജെ.പിയുമായി ഒടുവില്‍ ധാരണയുണ്ടാക്കിയാല്‍ പോലും പരസ്പരം കാലുവാരല്‍ നടക്കുമെന്നതാണ് നിലവിലെ സ്ഥിതി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും ഇടപെട്ടിട്ടുണ്ട്. എല്‍.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നാണ് പ്രധാനമന്ത്രി മോദിയും ആഗ്രഹിക്കുന്നത്. പ്രതിപക്ഷം ഇത്തവണ കൂടുതല്‍ ശക്തമായതിനാല്‍ കരുതലോടെ നീങ്ങാനാണ് അദ്ദേഹത്തിന്റെ ഉപദേശം.

ബീഹാറില്‍ ഭരണം തെറിച്ചാല്‍ അത് കേന്ദ്ര സര്‍ക്കാറിനെതിരായ വിധി എഴുത്തായാണ് ചിത്രീകരിക്കപ്പെടുക. ബംഗാളിലെ കാവിപ്പടയുടെ സപ്നത്തെയും ഇത്തരമൊരു തിരിച്ചടി സാരമായി ബാധിക്കും. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാകെ പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന ഒരു വിജയം ബീഹാറില്‍ ആര്‍.എസ്.എസ് നേതൃത്വവും ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് തന്നെ ശക്തമായ ഇടപെടല്‍ നടത്താനാണ് പരിവാര്‍ നേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹത്രാസിലെ പൊലീസ് നടപടിയില്‍ സംഘപരിവാര്‍ തലപ്പത്ത് തന്നെ ഇപ്പോള്‍ കടുത്ത അതൃപ്തിയുണ്ട്. യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതില്‍ തനിക്കുള്ള ആശങ്ക പ്രധാനമന്ത്രി തന്നെ ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ബീഹാര്‍ കൈവിട്ടാല്‍ യു.പിയില്‍ യോഗിയുടെ നിലയും അതോടെ പരുങ്ങലിലാകും. 2022-ലാണ് യു പി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. യോഗിയെ വെച്ച് വീണ്ടും ഒരു പരീക്ഷണത്തിന് ബി.ജെ.പി തയ്യാറാകുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.

Top