ഇനി തിരഞ്ഞെടുപ്പ് ഓൺലൈൻ വഴി ! ആദ്യ പരീക്ഷണം ബീഹാറിലോ?

പട്‌ന: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വഴിയായിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഇത് നടപ്പാക്കിയാല്‍ ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായി ബിഹാര്‍ മാറും. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഓണ്‍ലൈനിലൂടെയുള്ള തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലൂടെ നടത്തുമെന്ന് സുശീല്‍ കുമാര്‍ മോദി അറിയിച്ചു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പ്രദായികമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നതെന്നും സാമ്പ്രദായികമായുള്ള തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളും പോളിങ് ബൂത്തുകളില്‍ ദീര്‍ഘനേരം കാത്തുനിന്ന് വോട്ടു രേഖപ്പെടുത്തുന്നതുമായ രീതി മാറി ഡിജിറ്റല്‍ രീതി പ്രാവര്‍ത്തികമാക്കണമെന്ന് സുശീല്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

കൊറോണവ്യാപനത്തിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ വോട്ടെടുപ്പിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് നിലവിലുണ്ട്. ഇന്ത്യയിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അത്തരമൊരു സാധ്യതയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കണമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

അതേസമയം, നേതാക്കന്മാര്‍ നടത്തുന്ന പ്രചരണറാലികള്‍ ഒന്നു രണ്ടു കൊല്ലത്തിനുള്ളില്‍ ബിഹാറില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ സാധ്യത കുറയുമെന്നും തിരഞ്ഞെടുപ്പ് പോലെയുള്ള മേഖലകളില്‍ ആധുനികസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മിക്ക വീടുകളിലും ടെലിവിഷനുള്ളതു കൊണ്ടും 18-20 മണിക്കൂര്‍ വൈദ്യുതി ലഭ്യമായതു കൊണ്ടും ചാനലുകളിലൂടെ പ്രചാരണപരിപാടികള്‍ നടത്താമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഓഡിയോ വീഡിയോ സെഷനുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. വികസനത്തിന്റെ കാര്യത്തില്‍ ബിജെപി മറ്റ് പാര്‍ട്ടികളേക്കാള്‍ മുന്നിലായതിനാലാണ് ബിഹാറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഡിജിറ്റല്‍ ആക്കണമെന്ന് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top