പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പ്രമുഖര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലകള്‍ സംബന്ധിച്ച്‌ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതിന്റെ പേരില്‍ ചലച്ചിത്ര-സാമൂഹിക- സാംസ്‌കാരിക രംഗത്തുനിന്നുള്ള 49 പ്രമുഖര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കുന്നു.

മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്‍പി മനോജ് കുമാര്‍ സിന്‍ഹ ഉത്തരവിട്ടു.

വിദ്വേഷത്തിന്റെ പുറത്തുള്ളതാണ് കേസെന്നും പരാതിക്കാരനെതിരെ നടപടിക്കു ശുപാര്‍ശചെയ്യുമെന്നും ബിഹാര്‍ പൊലിസ് വക്താവ് ജിതേന്ദ്രകുമാര്‍ പറഞ്ഞു. ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് പരാതിക്കാരന്‍ സെലിബ്രിറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും പൊലിസ് പറഞ്ഞു.

പ്രത്യേകിച്ചൊരു തെളിവില്ലാതെയാണ് കേസെടുത്തത്. അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണ്. അടുത്തദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അവസാനിപ്പിച്ചതായി അറിയിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലിസ് പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അന്‍പതോളം പ്രമുഖര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിഹാറില്‍ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂര്‍ ഗോപാല കൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

Top