മുസാഫിര്‍പൂര്‍ കേസിലെ തെളിവു നശിപ്പിച്ചെന്നാരോപിച്ച് എംപിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു

Loksabha

ഡല്‍ഹി: മുസാഫിര്‍പൂര്‍ പീഡനക്കേസില്‍ തെളിവ് നശിപ്പിച്ചെന്നാരോപിച്ച് രണ്ട് ബീഹാര്‍ എംപിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്‌ അംഗം രഞ്ജീത് രഞ്ചന്‍, ആര്‍ജെഡിയുടെ ജയ് പ്രകാശ് നാരായണ്‍ യാദവ് എന്നിവരാണ് ഇന്ന് സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

കേസ് സിബിഐയ്ക്ക് കൈമാറുന്നതിന് മുന്‍പ് പ്രധാനപ്പെട്ട തെളിവുകള്‍ സര്‍ക്കാര്‍ നശിപ്പിച്ചു കളഞ്ഞെന്നാണ് എംപിമാരുടെ ആരോപണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപിയുടെ താരിഖ് അന്‍വര്‍ എന്നിവര്‍ രഞ്ചനെയും യാദവിനെയും പിന്തുണച്ചു. ശൂന്യ വേളയില്‍ പ്രശ്‌നം അവതരിപ്പിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആവശ്യപ്പെട്ടു. അതോടെ എംപിമാര്‍ സീറ്റുകളിലേയ്ക്ക് തിരികെ പോയി.

ഏഴുവയസുള്ള കുട്ടിയുള്‍പ്പെടെ 33 പെണ്‍കുട്ടികളാണ് മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.

ബീഹാര്‍ സര്‍ക്കാരിന് കീഴിലുള്ള മുസാഫര്‍പൂര്‍ ബാലികാഗൃഹത്തിലെ കുട്ടികള്‍ക്ക് ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരങ്ങള്‍ പുറത്തുവന്നത്. അഭയകേന്ദ്രത്തിലെ ജീവനക്കാരാണ് പ്രതികള്‍.

അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു വേര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വേര്‍മയ്ക്കെതിരെയും ആരോപണമുണ്ട്. കേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ബാലികാഗൃഹത്തില്‍ ആകെ നാല്‍പ്പത്തിനാല് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. കേസില്‍ പ്രതികളായ പതിനൊന്ന് പേരില്‍ പത്ത് പേരെയും ഇതിനൊടകംതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞദിവസം സിബിഐക്ക് കൈമാറിയിരുന്നു.

Top