രാമനവമി ഘോഷയാത്രയ്ക്കിടെ സംഘ്പരിവാര്‍ തീയിട്ട മദ്രസയ്ക്ക് 30 കോടി നല്‍കി ബിഹാര്‍ സര്‍ക്കാര്‍

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘ്പരിവാര്‍ അക്രമികള്‍ തീയിട്ട മദ്രസയ്ക്ക് 30 കോടി നല്‍കി ബിഹാര്‍ സര്‍ക്കാര്‍. ബീഹാര്‍ ഷെരീഫിലെ മുരാര്‍പൂര്‍ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനര്‍നിര്‍മാണത്തിനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു ഹിന്ദുത്വവാദികളായ അക്രമികള്‍ മദ്രസയും ലൈബ്രറിയും അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തത്.

ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം പ്രദേശത്തെ പള്ളികള്‍ക്കും മദ്രസകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആയിരത്തോളം വരുന്ന അക്രമികളാണ് അസീസിയ മദ്രസ തകര്‍ക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതെന്ന് മസ്ജിദിന്റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീന്‍ പറഞ്ഞിരുന്നു.

4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വര്‍ഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തില്‍ ചാരമായതായും അദ്ദേഹം പറഞ്ഞിരുന്നു. മസ്ജിദിന്റെ മിനാരം തകര്‍ത്ത ഹിന്ദുത്വ അക്രമികള്‍ മദ്രസയില്‍ കയറി കല്ലെറിഞ്ഞെന്നും ഇമാം പറഞ്ഞു. മസ്ജിദിലുള്ള ഒരാളെ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോള്‍ ബോംബുകള്‍ എറിയുകയും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 31ന് ശ്രാം കല്യാണ്‍ മൈതാനത്തുനിന്ന് മണിറാം അഖാഡയിലേക്കുള്ള രാമനവമി ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. പ്രദേശത്തെ നിരവധി കടകള്‍ അക്രമികള്‍ കത്തിക്കുകയും കാവി പതാകകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഇത് പൊടുന്നനെ ഉണ്ടായ അക്രമങ്ങളല്ലെന്നും കൃത്യമായ ആസൂത്രണം ഇതിനു പിന്നില്‍ ഉണ്ടായിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെയെല്ലാം പ്രധാന ആസൂത്രകന്‍ ബജ്രംഗ്ദള്‍ നേതാവാണെന്നും പൊലീസ് വിശദമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 140പേരെ അറസ്റ്റ് ചെയ്തതായും 15 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും നേരത്തെ പൊലീസ് പറഞ്ഞിരുന്നു.

Top