കൊറോണ വൈറസ്; രാജസ്ഥാനിലും ബീഹാറിലും ഒരാള്‍ വീതം നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോളതലത്തില്‍ ഭീതി പടര്‍ത്തുമ്പോള്‍ രാജ്യത്തും നിരീക്ഷണം ശക്തമാക്കി. രാജസ്ഥാനിലും ബീഹാറിലും ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ വീതം നിരീക്ഷണത്തിലാണ്.

രാജസ്ഥാനില്‍ ചൈനയില്‍ നിന്നെത്തിയ ഡോക്ടറും ബീഹാറിലെ ചപ്രയില്‍ ചൈനയില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ത്ഥിനിയുമാണ് നിരീക്ഷണത്തിലുള്ളത്.

രാജസ്ഥാനില്‍ നിരീക്ഷണത്തിലുള്ള ഡോക്ടറുടെ രക്തം പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കും. ബീഹാറില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിയെ പാറ്റ്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രത തുടരുകയാണ്. ഇതുവരെ മുപ്പതിനായിരത്തോളം യാത്രക്കാരെ വിവിധ വിമാനത്താവളങ്ങളിലായി പരിശോധിച്ചു. 137 ഫ്‌ലൈറ്റുകളിലെ 29,707 യാത്രക്കാരെയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി പ്രത്യേക തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാക്കിയത്. സ്‌കാനിങ്ങിന് ശേഷം മാത്രമാണ് ഇവരെ അകത്തേയ്ക്ക് കയറാന്‍ അനുവദിച്ചത്. ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം ഓരോ വിമാനത്താവളത്തിലും നിയോഗിച്ചിരുന്നു.

ഇന്നലെ മാത്രം 22 ഫ്‌ലൈറ്റുകളിലായി എത്തിയ 4,359 പേരെയാണ് പരിശോധിച്ചത്. ഇതുവരെ ആശങ്കപ്പെടുത്തുന്ന നിലയില്‍ ആരെയും രോഗലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടില്ല. വൈറസിനെതിരെ കനത്ത ജാഗ്രത തുടരും – കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. യുഎസിലും തായ്വാനിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രങ്ങളില്‍ ഒന്നായ ഹൂബെയില്‍ 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,744 ആയി.

അതിവേഗം പടരുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളില്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

Top