‘ശ്രീരാമചരിത മാനസം’ സയനൈഡെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ; വിമർശനവുമായി ബിജെപി

പട്ന : രാമായണം അടിസ്ഥാനമാക്കി ഹിന്ദുമത വിശ്വാസികൾ ആരാധിക്കുന്ന ഗ്രന്ഥം ‘ശ്രീരാമചരിത മാനസം’ സയനൈഡെന്ന് താരതമ്യപ്പെടുത്തി ബിഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖർ. ഹിന്ദി ദിവസുമായി ബന്ധപ്പെട്ടുള്ള ചടങ്ങിലായിരുന്നു മന്ത്രി ശ്രീരാമചരിത മാനസത്തിനെതിരെ പരാമർശം നടത്തിയത്.

‘‘നിങ്ങൾ അമ്പത്തിയഞ്ചുതരം ഭക്ഷണം വിളമ്പിയശേഷം അതിൽ സയനൈഡ് കലർത്തിയാൽ ഭക്ഷിക്കുമോ? ഇതു തന്നെയാണ് ഹിന്ദുത്വം അടിസ്ഥാനമാക്കിയുള്ള രചനയിലുമുള്ളത്. ബാബ നാഗാർജുൻ, ലോഹ്യ തുടങ്ങിയ എഴുത്തുകാർ ഗ്രന്ഥത്തെ വിമർശിച്ചിട്ടുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എതിർപ്പ് പ്രകടിപ്പിച്ചാൽ പോലും, ശ്രീരാമചരിത മാനസത്തിനെതിരെയുള്ള എതിർപ്പ് ഞാൻ തുടരും’’–മന്ത്രി ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം പുസ്തകങ്ങള്‍ വിദ്വേഷത്തിന്റെ വിത്തു വിതയ്ക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പരാമർശത്തെ ശക്തമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. ‘‘മന്ത്രി ചന്ദ്രശേഖർ തുടർച്ചയായി ശ്രീരാമചരിത മാനസത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തുകയാണ്. ഇത് മുഖ്യമന്ത്രി നിതീഷ്‌കുമാർ കേൾക്കുന്നില്ലേ? നിതീഷ് കുമാർ തുടർച്ചയായി സനാതനധർമ്മത്തെ അവഹേളിക്കുകയാണ്. മന്ത്രി ചന്ദ്രശേഖറിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അദ്ദേഹം മതം മാറണം’’–ബിജെപി വക്താവ് നീരജ് കുമാർ‌ പ്രതികരിച്ചു.

വിവാദപരാമർശത്തിൽ മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽജെപി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ രംഗത്തെത്തി. ‘‘വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം. വിവാദ പ്രസ്താവാനകളിലൂടെ അദ്ദേഹം പുതുതലമുറകളിൽ വിഷം നിറയ്‌ക്കുകയാണ്.’’–ചിരാഗ് പസ്വാൻ പറഞ്ഞു.

ഇതിന് മുൻപും ശ്രീരാമചരിത മാനസത്തിനെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. ശ്രീരാമചരിത മാനസം വർഗീയത പ്രചരിപ്പിക്കുന്നെന്നായിരുന്നു മുൻപ് മന്ത്രി ചന്ദ്രശേഖർ പറഞ്ഞത്.

Top