ദേവീ വിഗ്രഹം നശിപ്പിച്ചതില്‍ വന്‍ പ്രതിഷേധം, ബീഹാര്‍ തെരുവില്‍ വര്‍ഗീയ കലാപം പടരുന്നു

Bihar-crime

പട്‌ന : അശാന്തി പടര്‍ത്തി ബീഹാറിലെ ഗ്രാമങ്ങളില്‍ വീണ്ടും വര്‍ഗീയ കലാപം വ്യാപിക്കുന്നു. നവാഡയില്‍ ദേവീ വിഗ്രഹം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗങ്ങളും തമ്മില്‍ തെരുവുകളില്‍ ഏറ്റുമുട്ടി. സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കുശാല്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സായുധ പൊലീസ് രംഗത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്.

രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും വഴിമരുന്നിട്ടത്. മുമ്പും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ള ഭഗല്‍പ്പൂരില്‍ നിന്നാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഔറന്‍ഗാബാദ്, മുന്‍ഗേര്‍, സമാസ്തിപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലടക്കം ഏതാണ്ട് ഏഴ് ജില്ലകളില്‍ സംഘര്‍ഷങ്ങള്‍ വ്യാപിച്ചു. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സംഘര്‍ഷങ്ങളില്‍ നിരവധിപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നിരുന്നുവെങ്കിലും നവാഡയില്‍ ദേവീ വിഗ്രഹം തകര്‍ക്കപ്പെട്ടതോടെ വീണ്ടും സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. അക്രമികള്‍ കടകള്‍ക്ക് തീവയ്ക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണ്. മരണസംഖ്യ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Top