വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല ;ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ബീഹാര്‍: വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയെ അറിയിച്ചു. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനിടെ 53 ആയി ഉയര്‍ന്നു. ഇന്ന് നിയമസഭയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം തന്‍റെ അഭിപ്രായം ആവര്‍ത്തിച്ചത്. മദ്യപിച്ച് മരിച്ച ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. നിങ്ങള്‍ കുടിച്ചാല്‍ നിങ്ങള്‍ മരിക്കും. മദ്യപാനം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചത്.

മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് ഇന്നലെ നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ അദ്ദേഹം തന്‍റെ വാദം ആവര്‍ത്തിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ ഇന്നലെ നിയമസഭയിൽ പ്രകടനം നടത്തുകയും ബാനറുകൾ ഉയർത്തുകയും ചെയ്തിരുന്നു. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച ബിജെപി എംഎല്‍എമാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ ബഹളമുഖരിതമാക്കി.

Top